ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ നഴ്‌സസ് ഡേ ബാങ്ക്വറ്റ് മേയ് 7ന്

– മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാലസ്: പ്ലേനോയിലെ ക്രിസ്റ്റല്‍ ബാങ്ക്വറ്റ് ഹാളില്‍ മേയ് 7 ഞായര്‍ ആറരയ്ക്കു നടക്കുന്ന നഴ്‌സസ് ഡേ ബാങ്ക്വറ്റ് ആഘോഷിക്കുവാന്‍ നോര്‍ത്തമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സസും അവരുടെ കുടുംബാംഗങളും അഭ്യുദയകാംഷികളും ഒരുങ്ങുന്നു. യുടി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിന്റെ മാഗ്‌നറ്റ് പ്രോഗ്രാം ഡയറക്റ്ററായ വിക്‌റ്റോറിയ ഇംഗ്‌ളണ്ട് ആണു ചടങ്ങില്‍ മുഖ്യ പ്രഭാഷക. Nursing – the balance of body mind and spirit എന്ന വിഷയത്തില്‍ അവര്‍ സെമിനാര്‍ നയിക്കും .

നാഷണല്‍ നഴ്‌സസ് അസ്സോസ്സിയേഷനായ നൈനയുടെ ഈ വര്‍ഷത്തെ പ്രസിഡന്റായ ഡോ: ജാക്കി മൈക്കിള്‍,കേരളാ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു, ഡബ്‌ള്യൂഎംസിയെ പ്രതിനിധീകരിച്ചു പി.സി മാത്യു ,ഇന്ത്യ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും. ഇന്ത്യന്‍ സമൂഹത്തിലെ നഴ്സുമാരെ ആദരിക്കുന്നതോടൊപ്പം വാര്‍ഷിക സുവനീര്‍ പ്രകാശനവും കലാപരിപാടികളും അത്താഴവിരുന്നും നടക്കും.

അഡ്വാന്‍സ്ഡ് പ്രാക്റ്റീസ് നഴ്‌സിംഗ് മേഖലയിലുള്ളവരുടെ പ്രത്യേക കൂട്ടായ്മയായ എപിഎന്‍ ഫോറം ഇതിനോടനുബന്ധിച്ചു ഉല്‍ഘാടനം ചെയ്യപ്പെടും. പ്രമുഖ ട്രാവല്‍ ഏജന്റ്‌സ് ആയ സ്കൈപാസ് ഗ്രൂപ്പ് ആണു പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍. ജോസ് തങ്കച്ചന്‍, സ്പെക്ട്രം

ഫൈനാന്‍ഷ്യല്‍സ്, ഫ്രണ്ട്‌ലി ഹോം ഹെല്‍ത്ത് കെയര്‍, ഗ്രാന്‍ഡ് കന്യന്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയവരാണു മറ്റു സ്‌പോണ്‍സേഴ്‌സ്.ഈ സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ വന്‍ വിജയമായിരുന്ന നഴ്സിംഗ് എജ്യുക്കേഷന്‍ ക്ലാസുകളും, ഒപ്പം 12ഇന്ത്യന്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കു നഴ്‌സിങ് പഠന സ്‌കോളര്‍ഷിപ്പും ചെന്നൈ, ഡാലസ് പൊലീസ് ദുരിതാശ്വാസ ഫണ്ടുകളിലേക്കു സംഭാവനകളും നല്‍കുവാന്‍ കഴിഞ്ഞതില്‍ സംഘടന പ്രശംസയര്‍ഹിക്കുന്നു.

വരും വര്‍ഷത്തില്‍ ഇതിലുമധികം അര്‍ഹരായ നഴ്‌സിംഗ് വിദ്യാര്‍ഥികളെ കണ്ടെത്തുകയും അവര്‍ക്കു നഴ്‌സിങ് വിദ്യാഭ്യാസ സഹായം നല്‍കാന്‍ താല്‍പ്പര്യമുള്ള വ്യക്തികളോടും സ്ഥാപനങ്ങളോടും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാനാണു സംഘടനയുടെ തീരുമാനമെന്നും ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ ഹരിദാസ് തങ്കപ്പന്‍ പറഞ്ഞു. എല്ലാവരെയും നഴ്‌സസ് ഡേ ബാങ്ക്വറ്റ് പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രവര്‍ത്തകസമിതിയുടെ പേരില്‍ അദ്ദേഹം അറിയിച്ചു.