07.45 AM 02/05/2017
വ്യാജ പാൻകാർഡുകൾ തടയാൻ ആധാർ അത്യാവശ്യമാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. പാൻ കാർഡ് ലഭിക്കാൻ ആധാർ നിർബന്ധമാക്കിയതിനെതിരേ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ജസ്റ്റീസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അംഗങ്ങളായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആധാർ വളരെ സുരക്ഷിതമാണെന്നും ഇത് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ നിർമിതികളുടെ വ്യാപനം തടയാൻ കഴിയുമെന്നും സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. 113.7 കോടി ജനങ്ങൾക്ക് ആധാർ അനുവദിച്ചതിൽ വ്യാജനിർമിതിയുടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റോത്തഗി വാദിച്ചു. കള്ളപ്പണത്തിന്റെ ഒഴുക്കും ഭീകരതയ്ക്കുള്ള ധനസഹായവും നിയന്ത്രിക്കാൻ ആധാർ അനിവാര്യമാണെന്നും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.
നേരത്തെ, കേസ് പരിഗണിച്ചപ്പോൾ പാൻ കാർഡ് ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയത് എന്തിനാണെന്നു സുപ്രീം കോടതി ചോദിച്ചിരുന്നു. ആധാർ കാർഡ് നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ പാൻ കാർഡ് എടുക്കുന്നതിന് ആധാർ നിർബന്ധമാക്കിയത് ഏതു സാഹചര്യത്തിലാണെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
സാമുഹീകക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് പാൻ കാർഡ് എടുക്കാൻ ആധാർ നിർബന്ധമാക്കികൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറങ്ങിയത്.