07.49 PM 02/05/2017
ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ഭീകരതയാണ് കാഷ്മീരിലെ പ്രശ്നങ്ങൾക്കു കാരണമെന്ന ഇന്ത്യൻ വാദം തള്ളി പാക്കിസ്ഥാൻ. കാഷ്മീർ പ്രശ്നം പരിഹരിക്കുന്നതിനായുള്ള ചർച്ചകൾക്കു ലഭിച്ച അവസരങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ ഇന്ത്യയാണ് കുറ്റക്കാരെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. ഇന്ത്യ ഉന്നയിക്കുന്ന ഭീകരതാ പ്രശ്നം അന്താരാഷ്ട്ര സമൂഹം തള്ളിക്കളയുമെന്നും പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് അവകാശപ്പെട്ടു.
അതിർത്തി കടന്നുള്ള ഭീകരതയാണ് കാഷ്മീർ പ്രശ്നങ്ങൾക്കു കാരണമെന്ന ഇന്ത്യയുടെ വാദം ലോകം സ്വീകരിക്കാൻ തയാറാകില്ല. പാക്കിസ്ഥാനുമായി ചർച്ചയ്ക്കു തയാറാണെന്ന ഇന്ത്യൻ വാദങ്ങൾ വിശ്വസിക്കാൻ കഴിയില്ല. കാരണം രണ്ടു പതിറ്റാണ്ടുകളായി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ലഭിച്ച അവസരങ്ങളിൽനിന്ന് ഇന്ത്യ അലംഭാവം കാട്ടുകയും ഒഴിഞ്ഞുമാറുകയായിരുന്നു- സർതാജ് അസീസ് പറഞ്ഞു. കാഷ്മീരിൽ പ്രതിഷേധക്കാരെ വകവരുത്തുന്നതിലൂടെ ഇന്ത്യയുടെ ക്രൂരത സ്വയം വെളിവാക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഇന്ത്യ- പാക് ചർച്ചകൾക്കു മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന തുർക്കി പ്രധാനമന്ത്രി തയിപ് എർദോഗന്റെ പരാമർശത്തെ സർതാജ് അസീസ് സ്വാഗതം ചെയ്തു.