വംശീയ ആക്രമണങ്ങള്‍ക്കെതിരേ 67 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം

09:47 pm 4/5/2017
പി. പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യന്‍- അമേരിക്കന്‍ യു എസ് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 67 അംഗങ്ങള്‍ ഒപ്പിട്ട നിവേദനം ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലിക്ക് സമര്‍പ്പിച്ചു.മെയ് ഒന്നിന് കണ്‍ഗ്രഷണല്‍ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ കോക്കസ് മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയ സെക്രട്ടറിയെ വിവരങ്ങള്‍ ദരിപ്പിച്ച ശേഷമാണ് കത്ത് കൈമാറിയതെന്ന് കൃഷ്ണമൂര്‍ത്തിയുടെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

വൈറ്റ് സൂപ്രമിസ്റ്റ്, ഹേറ്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെ സസൂക്ഷമം നിരീക്ഷിച്ചുവരികയാണെന്ന സെക്രട്ടറി അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുന്നതിന് ഹോംലാന്റ് ഡിപ്പാര്‍ട്ട്മെന്റിന് നിര്‍ദ്ദേശം നല്‍കിയതായും സെക്രട്ടറി അറിയിച്ചു.

പ്രത്യേക സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഹിന്ദു, മുസ്ലീം, ജൂതര്‍ തുടങ്ങിയ മത ന്യൂനപക്ഷാംഗങ്ങളുടെ യോഗം വിളിച്ച് ചേര്‍ത്തതിന്റെ അടിസ്ഥാനത്തിലാണ് നിവേദനം സമര്‍പ്പിച്ചതെന്നും കൃഷ്ണമൂര്‍ത്തി ചൂണ്ടിക്കാട്ടി. ആഭ്യന്തര സുരക്ഷാ വകുപ്പുമായി സഹകരിച്ച് അക്രമ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് എല്ലാവിധ സഹകരണങ്ങളും നല്‍കുമെന്ന് നിവേദനത്തില്‍ ഒപ്പ് വെച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ എച്ച്.ഒ ഖന്ന, അമിബിറ, പ്രമീള ജയ്പാല്‍ എന്നിവരും പറഞ്ഞു.