12:26 pm 5/5/2017
തൃശൂർ: രാവിലെ ഏഴരയോടെ ഒന്പത് ആനകളുടെയും പാണ്ടിമേളത്തിന്റെയും, പഞ്ചവാദ്യത്തിന്റെയും അകന്പടിയോടെയാണ് ശാസ്താവ് വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളിയത്. ഓരോ ഘടകപൂരത്തിനും നിശ്ചയിച്ച സമയക്രമത്തിൽ യഥാക്രമം പനമുക്കുംപിള്ളി ശാസ്താവും, ചെന്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചുരക്കോട്ടുകാവ്, അയ്യന്തോൾ, നൈതലക്കാവ് ഭഗവതിമാരും തേക്കിൻകാട്ടിലെത്തി. ചെറുപൂരങ്ങളുടെ വരവോടെ ജനസഹസ്രങ്ങളും തേക്കിൻകാട്ടിലേക്ക് ഒഴുകിത്തുടങ്ങി. ചെറുപൂരങ്ങൾ വടക്കുംനാഥനെ വണങ്ങി മടങ്ങുന്നതിനുമുന്പേ തിരുവന്പാടി ഭഗവതിയുടെ മഠത്തിൽവരവിനു തുടക്കമാകും.
കന്നി പ്രമാണിത്വം ഏറ്റെടുത്ത കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ മഠത്തിൽ പഞ്ചവാദ്യം ഉയരുന്നതോടെ മേളങ്ങളുടെ പൂരം ആരംഭിക്കും. തിരുവന്പാടി ശിവസുന്ദറിന്റെ പുറത്തേറി ഭഗവതിയെത്തുന്നത് കാത്ത് ആയിരങ്ങളാണ് ബ്രഹ്മസ്വം മഠത്തിലേക്കുള്ള വഴിയരികിൽ കാത്തുനില്ക്കുന്നത്.