തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് എമ്മിന് പിന്തുണ നൽകിയയിൽ വിമർശനമുന്നയിച്ച സിപിഐക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. കോട്ടയം മറയാക്കി സിപിഎമ്മിനെതിരെ ഉയർത്തുന്ന ആക്ഷേപങ്ങൾ കോണ്‍ഗ്രസിന് ജയിക്കാനും കോണ്‍ഗ്രസിനെ ജയിപ്പിക്കാനുമുള്ള ശ്രമങ്ങൾ വിഫലമായതിന്റെ വികാരപ്രകടനങ്ങൾ മാത്രമായേ കാണാനാകൂ എന്നാണ് ദേശാഭിമാനിയുടെ കുറ്റപ്പെടുത്തൽ.
കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുണ്ടായ പരാജയം ആ പാർട്ടിയെയും യുഡിഎഫിനെയും വിഷമിപ്പിക്കുന്നതിൽ അത്ഭുതമില്ല. പക്ഷേ, കോണ്‍ഗ്രസിന്റെ തോൽവി ഞങ്ങളുടെ സഹജീവികളിൽ ഉൾപ്പെടെ ചിലകേന്ദ്രങ്ങളിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചതായി കണ്ടു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽനിന്ന് ഉയർന്നതിനേക്കാൾ വലിയ വിലാപവും മുറവിളിയുമാണ് ഇത്തരം കേന്ദ്രങ്ങളിൽനിന്ന് ഉണ്ടായത്. കോട്ടയം മറയാക്കി സിപിഎമ്മിനെതിരെ ഉയർത്തുന്ന ആക്ഷേപങ്ങൾ കോണ്‍ഗ്രസിന് ജയിക്കാനും കോണ്‍ഗ്രസിനെ ജയിപ്പിക്കാനുമുള്ള ശ്രമങ്ങൾ വിഫലമായതിന്റെ വികാരപ്രകടനങ്ങൾ മാത്രമാണിതെന്നും സിപിഐയെ ഉന്നംവച്ച് ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.
കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എടുത്ത നിലപാടിലും സ്വേച്ഛാപരമായ സമീപനത്തിലും എല്ലാവരിൽനിന്നും എതിർപ്പ് ഉയർന്നിരുന്നു. അവിടെ ഒരു അധികാരമാറ്റം മിക്കവാറും എല്ലാവരും ആഗ്രഹിച്ചിരുന്നു. ഒരു പ്രാദേശിക തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തോറ്റുപോയതിന് ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കേണ്ടതുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചുപോയാൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും ദേശാഭിമാനി ആരോപിക്കുന്നു. –

