ന്യൂഡൽഹി: സുക്മയിലെ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ ഫേസ്ബുക്ക് വീഡിയോയിലൂടെ വിമർശിച്ച സിആർപിഎഫ് ജവാൻ പി.കെ മിശ്ര കീഴടങ്ങി. ശനിയാഴ്ച ഡൽഹി സിആർപിഎഫ് അഡീഷണൽ ഡയറക്ടർ ജനറൽ മുമ്പാകെയാണ് കീഴടങ്ങിയത്.
മിശ്രയ്ക്കു കീഴടങ്ങാനുള്ള അവസരം നൽകണമെന്ന് ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച സിആർപിഎഫ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. നിയമപരമായി മാത്രമേ മിശ്രയുടെ കേസ് കൈകാര്യം ചെയ്യാൻപാടുള്ളുവെന്ന് ജസ്റ്റീസ് അഷുതോഷ് കുമാർ സിആർപിഎഫ് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് സിആർപിഎഫ് 221 ബറ്റാലിയനിലെ ജവാനും പശ്ചിമബംഗാൾ ദുർഗാപുർ സ്വദേശിയുമായ മിശ്ര കീഴടങ്ങിയത്. കീഴടങ്ങുന്നതിന് അവസരം ഒരുക്കിത്തരണമെന്നും കേന്ദ്രസേനയുടെ പീഡനത്തിൽനിന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മിശ്ര കഴിഞ്ഞ ദിവസം കോടതിക്ക് കത്തെഴുതിയിരുന്നു. താൻ പിടിക്കപ്പെട്ടാൽ ജീവൻതന്നെ അപകടത്തിലാണെന്നും കത്തിൽ മിശ്ര സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിശ്രയ്ക്ക് കീഴടങ്ങാൻ അവസരമൊരുക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.
സുക്മയിൽ 25 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ മിശ്രയുടെ ബന്ധുവും ഉൾപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മിശ്ര രാജ്നാഥ് സിംഗിനെ ഫോസ്ബുക്കിൽ വിമർശിച്ചത്.