04:08 pm 12/5/2017
ന്യൂഡൽഹി:കോടതിയലക്ഷ്യക്കേസിൽ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി. അദ്ദേഹത്തിന്റെ മാപ്പപേക്ഷ കോടതി സ്വീകരിച്ചില്ല. നിരുപാധികം മാപ്പ് പറയാമെന്ന് അറിയിച്ച് കർണന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം നല്കിയ ഹർജിയാണ് സുപ്രീം കോടതി തള്ളി. കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്ന അപേക്ഷ പിന്നീട് പരിഗണിക്കും. ജഡ്ജിമാരെത്തുന്ന മുറയ്ക്ക് ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
അതേസമയം കർണന്റെ മാപ്പപേക്ഷ പോലും രജിസ്ട്രി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യാൻ ജസ്റ്റീസ് കർണൻ ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹറിനെയും സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരെയും അഞ്ചു വർഷത്തെ കഠിന തടവിനു ജസ്റ്റീസ് കർണൻ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. എസ്സി/എസ്ടി ആക്ട് പ്രകാരം ജാതിവിവേചനം നടത്തിയെന്നും ന്യായാധിപനെന്ന തന്റെ സ്ഥാനത്തെ മാനിക്കാതെ ദളിതനായ തന്നെ അവഹേളിച്ചെന്നും ജസ്റ്റീസ് കർണൻ പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.