06:18 pm 14/5/2017
ന്യൂഡൽഹി: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഗവർണർക്കെതിരേ ആഞ്ഞടിച്ച് ബിജെപി നേതൃത്വം വീണ്ടും രംഗത്ത്. പിണറായി വിജയനെ പേടിയാണെങ്കിൽ ഗവർണർ പി.സദാശിവം സ്ഥാനത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഗവർണർ പദവിയോടു മാന്യത കാണിക്കണമെന്നും ശോഭ പറഞ്ഞു.
ഗവർണർക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള ഇടനിലക്കാരാനായി ഗവർണർ പ്രവർത്തിക്കേണ്ട ആവശ്യമില്ലെന്നും ഗവർണർ എന്ന നിലയിലുള്ള ശക്തമായ നടപടികളാണ് അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു എം.ടി.രമേശിന്റെ വിമർശനം.
പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണറെ കണ്ടിരുന്നു. ഇവർ നിവേദനവും കൈമാറി. എന്നാൽ ബിജെപി നേതാക്കളുടെ നിവേദനം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്കു കൈമാറുകയാണുണ്ടായത്. ഇതിനെതിരേയാണ് ബിജെപി നേതൃത്വം രംഗത്തെത്തിയത്.