7:36 am 15/5/2017
ഗുഡ്ഗാവ്: രാജ്യതലസ്ഥാനത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടമാനഭംഗത്തിനിരയാക്കി. ഗുഡ്ഗാവിൽനിന്നു തട്ടിക്കൊണ്ടുപോയ 22കാരിയെ ഉപദ്രവിച്ചശേഷം ഡൽഹിയുമായി അതിരു പങ്കിടുന്ന റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
പുലർച്ചെ രണ്ടോടെയാണ് സിക്കിം സ്വദേശിയായ യുവതി ആക്രമിക്കപ്പെട്ടത്. മധ്യ ഡൽഹിയിലെ കൊണാട്ട് പ്ലേസിൽനിന്നു താമസസ്ഥലമായ ഗുഡ്ഗാവ് സെക്ടർ 17ലേക്കു പോയ യുവതിയെ വീടിനടുത്തുവച്ച് കാറിലെത്തിയ അക്രമികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെനിന്നു നജഫ്ഗഡിലേക്കു കാറിൽ യാത്ര ചെയ്യവെ യുവതി പീഡിപ്പിക്കപ്പെട്ടു. 20 കിലോമീറ്റർ ദൂരം യുവതി ആക്രമിക്കപ്പെട്ടതായി പോലീസ് പറഞ്ഞു.
നജഫ്ഗഡിലാണ് യുവതിയെ അക്രമികൾ ഉപേക്ഷിച്ചത്. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ദീപക് എന്നയാൾ ഉൾപ്പെടെ മൂന്നു പേരെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവർക്കായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം ഹരിയാനയിലെ റോഹ്തക്കിൽ യുവതി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. തല ഇടിച്ചുതകർത്ത മൃതദേഹം നായകൾ കടിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്. വിവാഹവാഗ്ദാനം നിരസിച്ചതിനെ തുടർന്നായിരുന്നു പെണ്കുട്ടി ആക്രമിക്കപ്പെട്ടതും ജീവൻ നഷ്ടമായതും.