07:44 am 17/5/2017
ന്യൂഡൽഹി: രാഷ്ട്രപതിസ്ഥാനാർഥിചർച്ചകൾക്ക് ഗതിവേഗം പകർന്ന് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ കൂടിക്കാഴ്ച.
പ്രതിപക്ഷത്തെ വിവിധ പാർട്ടികൾക്ക് സ്വീകാര്യനായ പൊതുസ്ഥാനാർഥിയെ കണ്ടെത്താൻ ഏതാനും ആഴ്ചകളായി നടന്നുവരുന്ന ചർച്ചകളുടെ തുടർച്ചയാണ് ഇൗ കൂടിക്കാഴ്ച. നേരത്തേ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി നേതാവ് ശരത് പവാർ തുടങ്ങിയവർ സോണിയയെ കണ്ട്, പൊതുസ്ഥാനാർഥിയെ നിർത്താനുള്ള ചർച്ചകൾക്ക് കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്ന താൽപര്യം അറിയിച്ചിരുന്നു.
10-ജൻപഥിൽ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ മമത, സ്ഥാനാർഥിയുടെ പേരുകൾ ചർച്ചചെയ്തില്ലെന്നാണ് വാർത്താലേഖകരോട് വിശദീകരിച്ചത്. പ്രതിപക്ഷം ഒന്നിച്ചുപ്രവർത്തിക്കാൻ പാകത്തിൽ സമവായമുണ്ടാക്കണമെന്നും മമത പറഞ്ഞു. രണ്ടാഴ്ചക്കകം കൂടുതൽ ചർച്ച നടക്കുമെന്നും അവർ അറിയിച്ചു. ജൂലൈയിലാണ് പ്രണബ് മുഖർജിയുടെ അഞ്ചുവർഷ കാലാവധി അവസാനിക്കുന്നത്.
പ്രണബ് മുഖർജിയെ വീണ്ടും രാഷ്ട്രപതിയാക്കണമെന്ന കാഴ്ചപ്പാട് ജനതാദൾ-യു നേതാവുകൂടിയായ നിതീഷ് കുമാർ കഴിഞ്ഞദിവസം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം മമത-സോണിയ ചർച്ചയിൽ കടന്നുവേന്നാ എന്ന് വ്യക്തമല്ല. കഴിഞ്ഞതവണ പ്രണബ് മത്സരിച്ചപ്പോൾ മമതയുടെ പിന്തുണ കിട്ടിയിരുന്നില്ല.
പ്രണബ് മുഖർജിക്ക് രണ്ടാമൂഴം നൽകുമെങ്കിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ അനുകൂലിക്കുമെന്ന് വ്യക്തം. എന്നാൽ, ബി.ജെ.പിക്ക് സംഘ്പരിവാറിന് വേണ്ടപ്പെട്ടയാളെ രാഷ്ട്രപതിയാക്കണമെന്നിരിെക്ക, പ്രണബ് മുഖർജിക്ക് വീണ്ടും അവസരം കിട്ടാനിടയില്ല. ഭരണമുന്നണി നാമനിർദേശം ചെയ്യാതെ താൻ രണ്ടാമൂഴത്തിനില്ലെന്ന് പ്രണബ് മുഖർജി ഇതിനകം ബന്ധപ്പെട്ടവരോട് വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിക്ക് സ്വന്തംസ്ഥാനാർഥിയെ ജയിപ്പിക്കാൻ അവസരമുള്ളപ്പോൾ, അവരുടെ പിന്തുണയില്ലാതെ മത്സരിക്കാനും തോൽക്കാനും മുഖർജി സ്വാഭാവികമായും താൽപര്യപ്പെടുന്നില്ല. പ്രതിപക്ഷമാകെട്ട, ജയിക്കാൻ സാധ്യതയില്ലെങ്കിലും പൊതുസമ്മതനെ നിർത്തി സർക്കാറിന് ശക്തമായ വെല്ലുവിളി ഉയർത്താനാണ് ശ്രമിക്കുന്നത്.
പ്രണബ് മുഖർജിയുടെ രണ്ടാമൂഴത്തെ കോൺഗ്രസ് പിന്തുണക്കുമോ എന്ന ചോദ്യത്തിന്, സ്ഥാനാർഥികളുടെ പേരുകൾ ചർച്ചചെയ്യാൻ സമയമായിട്ടില്ലെന്ന മറുപടിയാണ് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല നൽകിയത്. രാജ്യത്തിെൻറ കേന്ദ്രബിന്ദുവായ ആശയധാരയിൽ നിന്നാണ് പ്രണബ് മുഖർജി വരുന്നതെന്നും ഭാവിയിലും അദ്ദേഹം അങ്ങനെതന്നെയായിരിക്കുമെന്നും സുർജേവാല കൂട്ടിച്ചേർത്തു.
ഭരണഘടന വിഭാവനംചെയ്യുന്ന തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിവുള്ള വ്യക്തിയാകണം രാഷ്ട്രപതി. ഇക്കാര്യങ്ങൾ മുന്നിൽവെച്ച് വിവിധ പാർട്ടികളുമായി കോൺഗ്രസ് ചർച്ചനടത്തുമെന്നും യഥാസമയം സ്ഥാനാർഥിയുടെ പേര് വെളിപ്പെടുത്തുമെന്നും സുർജേവാല കൂട്ടിച്ചേർത്തു.