ജലാലാബാദ്: അഫ്ഗാനിസ്ഥാനിൽ നാഷണൽ ടെലിവിഷൻ സ്റ്റേഷനിലുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. ജലാബാദ് നഗരത്തിൽ ബുധനാഴ്ചയായിരുന്നു ആക്രമണം.
ടെലിവിഷൻ സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ ഭീകരർ ബോംബ് ഗേറ്റിൽ സ്ഫോടനം നടത്തിയശേഷം തുരുതുരെ നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ നാലു സിവിലിയൻമാരും രണ്ടു പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. നാലു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനിടെ 17 പേർക്കു പരിക്കേറ്റതായാണ് റിപ്പോർട്ട്. ഏറ്റുമുട്ടൽ നടക്കുന്ന സമയം മാധ്യമപ്രവർത്തകർ ടിവി സ്റ്റേഷനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.