12:10 pm 18/5/2017
ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ (60) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മന്ത്രിയുടെ അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഡൽഹിയിലെ സഫ്ദർജംഗിലുള്ള വസതിയിൽ വച്ച് രാവിലെ എട്ടോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം എയിംസ് ആശുപത്രിയിലേക്ക് മാറ്റി.
മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് ദവെ. ആർഎസ്എസിലൂടെയാണ് ദവെ പൊതുപ്രവർത്തന രംഗത്തെത്തിയത്. പരിസ്ഥിതി പ്രവർത്തനത്തിന്‍റെ മുൻനിര പോരാളികളിൽ ഒരാളായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളിൽ അംഗമാണ്.
ദവെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദവെയുടെ മരണം രാജ്യത്തിന് തീരാ നഷ്ടമാണെന്നും വ്യക്തിപരമായി തനിക്കും വലിയ നഷ്ടമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയും അദ്ദേഹവുമായി പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നും മോദി അനുസ്മരിച്ചു.