10:22 am 20/5/2017
വാഷിങ്ടൺ: കോടിക്കണക്കിന് ഡോളറിന്റെ യു.എസ്-സൗദി അറേബ്യ ആയുധ കരാറിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരദ് കുഷ്നർ ഇടപെടൽ നടത്തിയതായി റിപ്പോർട്ട്. ഇൗ മാസമാദ്യം ഉന്നതതല യോഗത്തിനായി സൗദിയിൽ എത്തിയ കുഷ്നർ കരാറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു.
വിമാനങ്ങൾ, കപ്പലുകൾ, പ്രിസിഷൻ ഗൈഡഡ് ബോംബുകൾ തുടങ്ങിയവ യു.എസിൽനിന്ന് വാങ്ങുന്നതിനുള്ള കരാറാണിത്. ചടങ്ങിനിടെ ബാലിസ്റ്റിക് മിസൈലുകൾ തകർക്കാനുള്ള റഡാർ സംവിധാനം വാങ്ങാൻ സൗദി ആലോചിക്കുന്നതായി അമേരിക്കൻ അധികൃതർ സൂചിപ്പിച്ചു. തുകയുമായി ബന്ധപ്പെട്ട് ആശങ്കയുയർന്ന സാഹചര്യത്തിൽ ഇത് പരിഹരിക്കാൻ കുഷ്നർ മുൻകൈയെടുത്തതായാണ് വിവരം. റഡാർ സംവിധാനം നിർമിക്കുന്ന ലോക്ഹീഡ് മാർടി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥ മാർലിൻ എ. ഹ്യൂസണെ ഉടൻ ഫോണിൽ വിളിച്ച് തുക വെട്ടിക്കുറക്കാൻ കുഷ്നർ ആവശ്യപ്പെട്ടതായി ട്രംപ് ഭരണകൂടത്തിലെ ചിലർ വ്യക്തമാക്കി. മിസൈൽ വിരുദ്ധ സംവിധാനമായ താഡിെൻറ പ്രധാന നിർമാതാക്കളാണ് ലോക്ഹീഡ്. തുകയുമായി ബന്ധപ്പെട്ട് ആേലാചിക്കാമെന്ന് അവർ സമ്മതിക്കുകയും ചെയ്തിരുന്നു.
ഇൗ അനൗപചാരിക കരാറിന് വൈറ്റ് ഹൗസ് വേഗത്തിൽ സന്നദ്ധത കാണിച്ചതും ആയുധ വിൽപനയിൽ കുഷ്നർ വ്യക്തിപരമായ ഇടപെടൽ നടത്തിയതിെൻറ സൂചനയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളോടുള്ള യു.എസിെൻറ സമീപനത്തിലെ മാറ്റത്തിെൻറയുംകൂടി സൂചനയാണിത്.