ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ലഖ്നോവിലെ പ്രത്യേക സി.ബി.െഎ കോടതിയിൽ തിങ്കളാഴ്ച വിചാരണ തുടങ്ങും. കേസിൽ ദിവസവും വാദം കേൾക്കാനും രണ്ടു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കാനും ഏപ്രിൽ 19ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
കേസിലെ പ്രതികളായ അഞ്ച് വി.എച്ച്.പി നേതാക്കൾക്ക് കഴിഞ്ഞദിവസം പ്രേത്യക കോടതി ജാമ്യം അനുവദിച്ചിരുന്നു. രാംവിലാസ് വേദാന്തി, ചമ്പത് റായി, വൈകുണ്ഡ്ലാൽ ശർമ, മഹന്ത് നൃത്യഗോപാൽ ദാസ്, ധർമദാസ് മഹാരാജ് എന്നിവർക്കാണ് രണ്ടു പേരുടെ ആൾജാമ്യത്തിലും 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും ജാമ്യം അനുവദിച്ചത്. ബാബരി ധ്വംസനക്കേസിൽ ബി.ജെ.പിയുടെ ഉന്നത നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതിയാണ് കഴിഞ്ഞമാസം ഉത്തരവിട്ടത്. കേസിൽ പ്രതിയായ രാജസ്ഥാൻ ഗവർണറും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ്ങിനെ വിചാരണയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഭരണഘടന പരിരക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കല്യാൺ സിങ് ഗവർണർ സ്ഥാനം ഒഴിഞ്ഞാൽ വിചാരണ തുടങ്ങും.
2001ൽ അലഹബാദ് ഹൈകോടതിയാണ് ബി.ജെ.പിയുടെ ഉന്നത നേതാക്കൾക്കെതിരായ ഗൂഢാലോചന കേസ് ഒഴിവാക്കി വിധി പുറപ്പെടുവിച്ചത്. ഇൗ വിധി തെറ്റായിപ്പോയെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതിയിലെ ജസ്റ്റിസ് പി.സി. േഘാഷ്, ആർ.എഫ്. നരിമാൻ എന്നിവരടങ്ങിയ ബെഞ്ച് അദ്വാനിക്കും മറ്റുമെതിരെ സി.ബി.െഎ ചുമത്തിയ ക്രിമിനൽ ഗൂഢാലോചന നിലനിൽക്കുമെന്ന് കണ്ടെത്തി. രാജ്യത്തിെൻറ മതേതരത്വത്തെ തകർക്കുന്ന കുറ്റകരമായ നടപടിയാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായതെന്ന നിരീക്ഷണവും പരമോന്നത കോടതി നടത്തി.
വിനയ് കത്യാർ, സാധ്വി ഋതംബര, വിഷ്ണു ഹരി ഡാൽമിയ എന്നിവർക്കെതിരായ ഗൂഢാലോചനക്കുറ്റവും പുനരുജ്ജീവിപ്പിച്ച സുപ്രീംകോടതി, കേസിെൻറ വിചാരണ 25 വർഷത്തോളം നീളാൻ സി.ബി.െഎയുടെ അലംഭാവം കാരണമായിട്ടുണ്ടെന്നും കുറ്റപ്പെടുത്തിയിരുന്നു. കേസിൽ അന്തിമ വിധി വരുന്നതുവരെ ജഡ്ജിയെ മാറ്റരുതെന്ന് സുപ്രീംകോടതി നിർേദശിച്ചിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന 89കാരനായ എൽ.െക. അദ്വാനിക്കെതിരായ വിചാരണ കൂടിയായതിനാൽ കേസിന് രാഷ്ട്രീയപ്രാധാന്യം ഏറെയാണ്.