06:40 pm 22/5/2017
ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ വീണ്ടും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കഴിഞ്ഞ ആഴ്ച കോടതിയിൽ നടന്ന വാദത്തിനിടെ കെജരിവാളിന്‍റെ അഭിഭാഷകനായ രാം ജെത് മലാനി അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതിനെതിരെയാണ് പത്ത് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ജെയ്റ്റിലിയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെ മുതിർന്ന അഭിഭാഷകനായ രാം ജെത്മലാനി മോശം വാക്കുകൾ ഉപയോഗിച്ചുവെന്നാണ് കേസ്. ഇത് കെജരിവാളിന്‍റെ നിർദേശ പ്രകാരമായിരുന്നുവെന്ന് ജെത്മലാനി തന്നെയാണ് കോടതിയിൽ വ്യക്തമാക്കിയത്.
എന്നാൽ മുഖ്യമന്ത്രി ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ നിർദേശിച്ചിരുന്നില്ലെന്ന് കെജരിവാളിന് വേണ്ടി ഹാജരായ അനുപം ശ്രീവാസ്തവ കോടതിയെ അറിയിച്ചു. ജയ്റ്റിലിയുടേയും കെജരിവാളിന്‍റെയും അഭിഭാഷകർ തമ്മിലുണ്ടായ ചൂടേറിയ വാഗ്വാദത്തിൽ കോടതി നടപടികൾ നിർത്തിവെച്ചു.
2015ലാണ് ആം ആദ്മി പാർട്ടി നേതാവായ കെജരിവാളിനും അഞ്ച് സഹപ്രവർത്തകർക്കുമെതിരെ ജെയ്റ്റ്ലി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായിരിക്കെ ജെയ്റ്റലി അഴിമതി നടത്തിയെന്നായിരുന്നു എ.എ.പിയുടെ ആരോപണം.