07:28 am 23/5/2017
ന്യൂഡൽഹി: കൽക്കരി അഴിമതിക്കേസിൽ കൽക്കരി മന്ത്രാലയം മുൻ സെക്രട്ടറി എച്ച്.സി. ഗുപ്തക്കും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കും രണ്ടു വർഷം തടവ്. മൂന്നു പേർക്കും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കേസിൽ ഉൾപ്പെട്ട സ്വകാര്യ കമ്പനി കമാൽ സ്പോഞ്ച് സ്റ്റീൽ ആൻഡ് പവറിന് ഒരു കോടി രൂപ പിഴയും എം.ഡി പവൻകുമാർ അഹ്ലുവാലിയക്ക് ഒരു വർഷം തടവും 30 ലക്ഷം രൂപ പിഴയും ന്യൂഡൽഹിയിലെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ഭരത് പരാഷർ വിധിച്ചു.
ഗുപ്തക്കു പുറമേ കൽക്കരി മന്ത്രാലയത്തിലെ മുൻ ജോയൻറ് സെക്രട്ടറി കെ.എസ്. ക്രോഫ, കൽക്കരി ബ്ലോക്ക് അനുവദിക്കുന്നതിെൻറ ചുമതല വഹിച്ചിരുന്ന മുൻ ഡയറക്ടർ കെ.സി. സമരിയ എന്നിവരെയാണ് ശിക്ഷിച്ചത്. കൽക്കരി ഖനന ബ്ലോക്കുകൾ അനുവദിക്കുന്നതുമായി ബന്ധെപ്പട്ട അഴിമതിക്കേസുകളിൽ ഇതാദ്യമായാണ് ഉയർന്ന ഉദ്യോഗസ്ഥർ ജയിലിലാകുന്നത്.
അതേസമയം, ശിക്ഷിക്കപ്പെട്ട എല്ലാവർക്കും തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. ഇതോടെ കോടതി വിധിക്കെതിരെ ഇവർക്ക് ഹൈകോടതിയെ സമീപിക്കാനുള്ള അവസരം ലഭിച്ചു. മൂന്നു പേരും കുറ്റക്കാരെന്ന് വെള്ളിയാഴ്ചയാണ് കോടതി വിധിച്ചത്. മധ്യപ്രദേശിലെ തെസ്ഗോര – ബി രുദ്രാപുരി കൽക്കരി ബ്ലോക്ക്, കെ.എസ്.പി.പി.എൽ കമ്പനിക്ക് അനുവദിച്ചതിലെ ക്രമക്കേടിൽ മൂന്ന് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും കോടതി കണ്ടെത്തി.