10:04 pm 24/5/2017
ന്യൂഡൽഹി: ഇന്ത്യൻ സൈനിക പോസ്റ്റുകൾ തകർക്കുന്നതെന്ന പേരിൽ പാക്കിസ്ഥാൻ സൈന്യം പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമെന്ന് സൈനിക നേതൃത്വം. പാക്കിസ്ഥാൻ വെടിവയ്പും ആക്രമണവും അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് ഇന്ത്യൻ പോസ്റ്റുകൾ നിർമിച്ചിരിക്കുന്നതെന്ന് മുതിർന്ന സൈനിക വക്താവ് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് പാക്കിസ്ഥാൻ ഇന്ത്യൻ സൈനിക പോസ്റ്റുകൾ തകർക്കുന്ന വീഡിയോ പുറത്തുവിട്ടത്. നിയന്ത്രണരേഖയിൽ നൗഷേരയിലെ സൈനിക പോസ്റ്റുകൾ ആക്രമിച്ചു എന്നായിരുന്നു പാക് അവകാശവാദം. ഇതിനെ സാധൂകരിക്കാൻ 87 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും പുറത്തുവിട്ടു. സിവിലിലൻമാരെ ആക്രമിക്കുന്ന ഇന്ത്യൻ സൈന്യത്തിനു തിരിച്ചടി എന്ന പേരിലായിരുന്നു ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെ തള്ളിയാണ് ഇപ്പോൾ കരസേനാ നേതൃത്വം രംഗത്തെത്തിയത്.