റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷം ജൂണ്‍ 4-ന് ഷിക്കാഗോയില്‍

08:18 am 25/5/2017

ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും, ചങ്ങനാശേരി എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി ജനറാളും, ഷിക്കാഗോ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം ജൂണ്‍ നാലിനു ഞായറാഴ്ച ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തും.

മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ നാലിനു ഞായറാഴ്ച വൈകുന്നേരം 5.30-നു കൃതജ്ഞതാബലി അര്‍പ്പിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. അതിനുശേഷം വൈവിധ്യമാര്‍ന്ന പരിപാടികളോടുകൂടി പൊതുസമ്മേളനം കത്തീഡ്രല്‍ ഹാളില്‍ (ചാവറ ഹാള്‍) നടക്കും.

കഴിഞ്ഞ അമ്പതു വര്‍ഷക്കാലം ബഹു. ജോര്‍ജ് മഠത്തിപ്പറമ്പിലച്ചനിലൂടെ സഭയ്ക്കും സമൂഹത്തിനും തനിക്ക് വ്യക്തിപരമായും പൗരോഹിത്യ ശുശ്രൂഷയിലൂടെ ലഭിച്ചിട്ടുള്ള എല്ലാ ദൈവാനുഗ്രഹങ്ങള്‍ക്കും വരദാനങ്ങള്‍ക്കും നന്ദി പറയുവാന്‍ ഒരുക്കുന്ന ഈ ധന്യ അവസരത്തിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

സീറോ മലബാര്‍ രൂപതയുടെ പ്രഥമ വികാരി ജനറാളായി ഒരു ദശാബ്ദക്കാലം സേവനം അനുഷ്ഠിച്ച ബഹു. മഠത്തിപ്പറമ്പിലച്ചന്റെ തട്ടകമായ ഷിക്കാഗോയില്‍ നിരവധി സുഹൃത്തുക്കളും പരിചയക്കാരുമായി ഒരു ബൃഹദ് സുഹൃദ് വലയമുള്ളതിനാല്‍ ഷിക്കാഗോയിലെ ജൂബിലി ആഘോഷങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

അധികാരവും ശുശ്രൂഷയും ഒരു ബിന്ദുവില്‍ സമന്വയിക്കുന്നതാണ് പൗരോഹിത്യം. ദൈവദനത്തമായ അധികാരങ്ങളെല്ലാം ഒരു ശുശ്രൂഷയ്ക്കായോ സേവനത്തിനായോ ഉപയോഗിക്കുമ്പോള്‍ അത് മഹത്വപൂര്‍ണ്ണമായിത്തീരുന്നു. അതുതന്നെയാണ് പൗരോഹിത്യത്തിന്റെ ഉള്‍ക്കാമ്പ് എന്നു പറയുന്നതും. ദൈവത്തിന്റേയും മനുഷ്യന്റേയും മദ്ധ്യത്തിലുള്ള ഇടനിലക്കാരനായ പുരോഹിതനില്‍ വളരെയേറെ സദ്ഗുണങ്ങള്‍ ഉണ്ടാകുമ്പോള്‍ പൗരോഹിത്യം തന്നെ ഒരു പരിമളമുള്ള പുഷ്പത്തെപ്പോലെ സമൂഹത്തേയും ലോകത്തേയും കൂടുതല്‍ സുഗന്ധമുള്ളതാക്കിത്തീര്‍ക്കുന്നു.

ഇന്നു പൗരോഹിത്യ ശുശ്രൂഷ എന്നു പറയുന്നത് സഭയ്ക്കുള്ളിലും സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലം വളരെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഒരു കാലഘട്ടത്തില്‍ ശ്രേഷ്ഠ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൗരോഹിത്യസ്ഥാനികള്‍ക്ക് സമൂഹത്തില്‍ അംഗീകാരമുണ്ടാകുന്നത്.

ബഹു. ജോര്‍ജ് അച്ചന്റെ ജൂബിലി ആഘോഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്നതിനായി ഷിക്കാഗോ സീറോ മലബാര്‍ രൂപതയേയും, മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലിനേയും, ഷിക്കാഗോ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയേയും പ്രതിനിധീകരിച്ച് നിരവധി വൈദീകരും സിസ്റ്റേഴ്‌സും, വ്യക്തികളും, കുടുംബങ്ങളും, അഭ്യുദയകാംക്ഷികളും പങ്കെടുത്ത് ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആന്റണി ഫ്രാന്‍സീസ് വടക്കേവീട് (പി.ആര്‍.ഒ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, ഷിക്കാഗോ ചാപ്റ്റര്‍) അറിയിച്ചതാണിത്.