ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ഷിക്കാഗോ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

7:36 am 26/5/2017

ഷിക്കാഗോ: ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ (834 East Rand Road) പ്രസിഡന്റ് വര്‍ഗീസ് വര്‍ഗീസ് പാലമലയിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. 1991 മെയ് 21-നാണ് രാജീവ് ഗാന്ധി രക്തസാക്ഷിയായത്. ഇന്ത്യയില്‍ ഉദാരവത്കരണത്തിന് തുടക്കംകുറിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നു പ്രസിഡന്റ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ ടെലിഫോണ്‍ വിപ്ലവത്തിന് തുടക്കംകുറിക്കാന്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നും പ്രൊഫ. സാം പിട്രോഡയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തിയത് രാജീവ് ഗാന്ധിയായിരുന്നുവെന്ന് മുന്‍ പ്രസിഡന്റ് പോള്‍ പറമ്പി തന്റെ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ വികസനം മുന്‍കൂട്ടി കണ്ടുകൊണ്ട് ഇന്ത്യയ്ക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്ന് മുന്‍ പ്രസിഡന്റ് തോമസ് മാത്യു പറഞ്ഞു. ജോസി കുരിശിങ്കല്‍, റിന്‍സി കുര്യന്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തമ്പി മാത്യു യോഗത്തില്‍ സന്നിഹിതരായവര്‍ക്ക് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജെസി റിന്‍സിയുടെ നന്ദി പ്രസംഗത്തോടെ യോഗം പര്യവസാനിച്ചു.