08:05 am 26/5/2017
മുംബൈ: കാർഷികവായ്പയ് ക്കുള്ള മൂന്നു ശതമാനം സബ്സിഡി പദ്ധതി തുടരാൻ ഉത്തരവായി. മുൻ വർഷങ്ങളിൽ അനുവദിച്ചിരുന്ന ഈ ഇളവ് തുടരുന്നതിനുള്ള ഉത്തരവ് റിസർവ് ബാങ്ക് ഇന്നലെയാണു പുറത്തിറക്കിയത്. ഉത്തരവ് ഇറങ്ങാത്തതിനാൽ പലിശ സബ്സിഡിയില്ലെന്നു പല ബാങ്കുകളും ഇടപാടുകാരോടു പറഞ്ഞിരുന്നു. ഇന്നലത്തെ ഉത്തരവോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി.
മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല (ഒരു വർഷം വരെ) കാർഷികവായ്പ (വിളവായ്പ)യ്ക്കാണു സബ്സിഡി. കൃത്യമായി തിരിച്ചടച്ചാൽ മൂന്നു ശതമാനം പലിശ കുറയ്ക്കും. ഏഴു ശതമാനം പലിശയ്ക്ക് അനുവദിക്കുന്ന കാർഷിക വായ്പയുടെ പലിശ അങ്ങനെ നാലു ശതമാനമായി കുറയും.
കേന്ദ്ര കൃഷിമന്ത്രാലയമാണ് (കൃഷികർഷകക്ഷേമ മന്ത്രാലയം) ഈ പലിശ സബ്സിഡി പദ്ധതി നടപ്പാക്കുന്നത്. ഇതിനു രണ്ടു ഭാഗങ്ങളുണ്ട്. ഏഴു ശതമാനം നിരക്കിൽ വായ്പ നല്കിയാൽ ബാങ്കുകൾക്കു ഗവൺമെന്റ് രണ്ടു ശതമാനം പലിശ സഹായം നല്കും. സാധാരണ വായ്പാ പലിശ ഒൻപതു ശതമാനം എന്നു കണക്കാക്കിയാണു രണ്ടു ശതമാനം നല്കുന്നത്. ഇതു കർഷകരെ നേരിട്ടു ബാധിക്കില്ല. അവർക്കു പലിശ ഏഴു ശതമാനമാണ്. പിന്നീടു കർഷകർ യഥാസമയം തിരിച്ചടച്ചാൽ മൂന്നു ശതമാനം കേന്ദ്രം നല്കും. അതു നേരിട്ടു കർഷകരുടെ പക്കലെത്തും. അതോടെ കാർഷിക വായ്പയുടെ പ്രായോഗിക പലിശ നാലു ശതമാനമാകും.
ഉത്തരവ് വരാതിരുന്നതിനാൽ ബാങ്കുകൾ കാർഷികവായ്പ ഒൻപതു ശതമാനം പലിശയ്ക്കേ നല്കൂ എന്ന് ഇടപാടുകാരോടു പറഞ്ഞിരുന്നു.