03:59 pm 27/5/2017
ശ്രീനഗർ: ഹിസ്ബുൾ മുജാഹുദീൻ കമാൻഡർ സബ്സർ ഭട്ടിന്റെ വധത്തിനു പിന്നാലെയാണ് വീണ്ടും വിലക്ക് പ്രാബല്യത്തിൽവന്നത്. ഒരു മാസത്തെ വിലക്കിനുശേഷം വെള്ളിയാഴ്ചയാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കാഷ്മീർ സർക്കാർ എടുത്തുമാറ്റിയത്.
ഇതറിയിച്ച് സർക്കാർ ഒൗദ്യോഗിക പ്രസ്താവന പുറത്തിറക്കിയില്ലെങ്കിലും വിലക്ക് നിലവിൽ വന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എത്ര ദിവസത്തേക്കാണ് വിലക്ക് എന്നതു സംബന്ധിച്ച് സൂചനകളില്ല. എന്നാൽ സബ്സറിന്റെ വധത്തെ സംബന്ധിച്ച ഓഡിയോ ക്ലിപ്പുകൾ വാട്സ്ആപ്പിലൂടെ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് വീണ്ടും വിലക്ക് പ്രബല്യത്തിൽ വന്നതെന്ന് പോലീസ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ സൂചന നൽകി. സബ്സറിന്റെ വധത്തിനു പിന്നാലെ താഴ് വരയിൽ വിദ്യാർഥികളും സുരക്ഷാ സേനയും തമ്മിൽ വ്യാപകമായി ഏറ്റുമുട്ടൽ നടക്കുന്നതായാണ് സൂചന.
ഏപ്രിൽ 17നാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ അടക്കമുള്ള ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഉൾപ്പെടെ 22 ഇന്റർനെറ്റ് സേവനങ്ങൾക്കു സർക്കാർ വിലക്കേർപ്പെടുത്തിയത്. 3ജി, 4ജി സേവനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ജമ്മു കാഷ്മീരിൽ ക്രമസമാധാനം തകർക്കാൻ സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു സർക്കാർ നടപടി.
വിലക്കിനെതിരേ രാജ്യത്തിനകത്തും പുറത്തും വ്യാപക പ്രതിഷേധമുയർന്നിരുന്നു. താഴ് വരയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കാൻ ഐക്യരാഷ്ട്ര സഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന നിലയിലേക്കു കാര്യങ്ങളെത്തി.