08:06 am 28/5/2017
കോൽക്കത്ത: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടെന്ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ കോൺസുലേറ്റ് ജനറൽ മാ സൻവു. കൽക്കട്ട ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയാണ് കോൺസുലേറ്റ് ജനറൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം എന്ന സെമിനാറിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടന്നുവരുന്ന ആശയവിനിമയം തന്നെയാണ് ഇതിനു തെളിവെന്നും മാ സൻവു പറഞ്ഞു. തനിക്ക് ആദരം നല്കിയ കൽക്കട്ട ചേംബറിനു മാ സൻവു നന്ദി പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതു 2000 വർഷം മുന്പാണ്. ഇരുരാജ്യങ്ങളും ലോകത്തിലെ തന്നെ വളർന്നുകൊണ്ടിരിക്കുന്ന സാന്പത്തിക ശക്തികളാണ്. നയതന്ത്ര, സാന്പത്തിക സ്വാധീനമാണ് ഉഭയകക്ഷി ബന്ധത്തെ നിർണയിക്കുന്നതെന്നും 186 വർഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധത്തിനു മുന്നണിപ്പോരാളിയാണ് കൽക്കട്ട ചേംബർ ഓഫ് കൊമേഴ്സ് എന്നും മാ സൻവു പറഞ്ഞു.