08:08 am 28/5/2017
തിരുവനന്തപുരം: കന്നുകാലികളെ വിൽക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനത്തിനെതിരേ കേരളത്തിൽ വൻ പ്രതിഷേധം. സർക്കാരും ഭരണമുന്നണിയും യുഡിഎഫും കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരേ ശക്തമായി രംഗത്തു വന്നു.
വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. കേന്ദ്ര വിജ്ഞാപനം വലിച്ചുകീറി ചവറ്റുകുട്ടിയിലെറിയണമെന്നായിരുന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി തിരുവനന്തപുരത്തു പ്രതികരിച്ചത്. കേരളത്തിൽ ഉത്തരവു നടപ്പിലാക്കാൻ വന്നാൽ അത് അപകടകരമായിരിക്കുമെന്നും കേരളത്തിൽ ഈ ഉത്തരവിന് കടലാസിന്റെ വിലയേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് ആർഎസ്എസ് അജൻഡയാണെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൗരന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായും ഫെഡറൽ സംവിധാനത്തിനു നിരക്കാത്ത നടപടിയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി.
വിജ്ഞാപനം റദ്ദാക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെങ്കിൽ നിയമപരമായ സാധ്യതകളും സംസ്ഥാന സർക്കാർ തേടുന്നുണ്ട്. നിയമപരമായി എന്തു ചെയ്യാൻ സാധിക്കുമെന്നാണു സർക്കാർ പരിശോധിക്കുന്നത്. ഏതായാലും ബീഫ് നിരോധനം കേരളത്തിൽ നടപ്പിലാക്കരുത് എന്ന ചിന്തയാണു ഭരണ നേതൃത്വത്തിനുള്ളത്.
കേന്ദ്ര നടപടിക്കെതിരേ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നു. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ് നടത്തി. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ എസ്എഫ്ഐയും ബീഫ് ഫെസ്റ്റ് നടത്തി. ജനതാദൾ എസ് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോണ്ഗ്രസിന്റെയും കെഎസ്യുവിന്റെയും എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ ബീഫ് ഫെസ്റ്റും പ്രതിഷേധവും സംഘടിപ്പിച്ചു.
എൽഡിഎഫും യുഡിഎഫും കേന്ദ്ര സർക്കാർ തീരുമാനത്തെ അതിശക്തമായി എതിർത്തുകൊണ്ടു പരസ്യനിലപാട് സ്വീകരിച്ചപ്പോൾ ബിജെപിയുടെ പ്രമുഖരാരും കാര്യമായ പ്രതികരണം നടത്തിയില്ല. സമൂഹമാധ്യമങ്ങളിലും കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ രൂക്ഷമായ പ്രതിഷേധമാണ് ഉയർന്നുവന്നു കൊണ്ടിരിക്കുന്നത്.