10:48 am 28/5/2017
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതിനിനു പിന്നാലെ ശ്രീനഗറിലെ ഏഴു പോലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. സബ്സർ ഭട്ട് കൊല്ലട്ടതിനു പിന്നാലെ കാഷ്മീരിൽ പലയിടത്തും സംഘർഷം ഉടലെടുത്തതോടെയാണ് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയത്.
നൗഹാട്ട, റൈനാവരി, ഖ്യാനർ, എം.ആർ. ഗുഞ്ച്, സഫാ കടൽ, ഖർഖുണ്ട, മൈസുമ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. സബ്സർ ഭട്ടിനെ വധിച്ചതിലുള്ള പ്രതിഷേധം താഴ്വരയിലെ ക്രമസമാധാനം തകർത്തിരിക്കുകയാണ്. കല്ലേറിലും സുരക്ഷാസേനയുടെ പ്രതിരോധത്തിലും മുപ്പതിലേറെപ്പേർക്കാണു പരിക്കേറ്റത്.
കുറഞ്ഞത് 50 ഇടങ്ങളിലെങ്കിലും സംഘർഷാവസ്ഥ തുടരുകയാണ്. ഭീകരർ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് കടകന്പോളങ്ങൾ അടച്ച് പ്രതിഷേധത്തിനു തുടക്കമാവുകയായിരുന്നു. ത്രാലിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പ്രദേശവാസിയായ ഒരാൾക്കു വെടിയേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ നില ഗുരുതരമല്ലെന്നു പോലീസ് അറിയിച്ചു.