ശ്രീനഗർ: ജമ്മുകാഷ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ദക്ഷിണ കാഷ്മീരിലെ കെരാൻ സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു തീവ്രവാദിയെ സൈന്യം വധിച്ചിരുന്നു. പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. പുലർച്ചെ 2.30 ന് നിയന്ത്രണരേഖയിൽ ഇന്ത്യൻ ഭാഗത്തേക്ക് കടന്നുകയറാൻ ശ്രമിച്ച തീവ്രവാദിയെയാണ് സൈന്യം വെടിവച്ച് വീഴ്ത്തിയത്. ഇയാളുടെ പക്കൽനിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.