02:00 pm 30/5/2017
ലക്നോ: ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരുൾപ്പടെ 12 പ്രതികൾക്കാണ് ലക്നോവിലെ വിചാരണ കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരം പ്രതികളെല്ലാം ഇന്ന് നേരിട്ട് ഹാജരായിരുന്നു.
കേസിലെ ഗൂഢാലോചന പരിശോധിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലക്നോ വിചാരണ കോടതി കേസ് പരിഗണിക്കുന്നത്. അദ്വാനി അടക്കമുള്ള പ്രതികളെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് കേസ് വിചാരണ നടത്തി രണ്ടു വർഷത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് വിചാരണ നേരിടില്ല. ഭരണഘടനാ പരിരക്ഷയുളളതിനാലാണിത്. അദ്ദേഹം ഗവർണർ പദവി വിട്ടതിനു ശേഷമായിരിക്കും വിചാരണ നേരിടുക.