ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ 27 പേർ കൊല്ലപ്പെട്ടു. നൂറിലധികംപേർക്കു പരിക്കേറ്റു. നഗരത്തിലെ പ്രസിദ്ധമായ ഐസ്ക്രീം കടയ്ക്ക് തൊട്ടടുത്തായിരുന്നു ആദ്യ സ്ഫോടനം. ഇവിടെ 16 പേർ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ നഗരത്തിൽ മറ്റൊരിടത്ത് കാർബോംബ് പൊട്ടിത്തെറിച്ച് 11 പേർകൂടി മരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഷിയാ മുസ്ലിംകളെ ലക്ഷ്യമിട്ട ഐഎസ് ചാവേർ കാർ ഉപയോഗിച്ചു സ്ഫോടനം നടത്തുകയായിരുന്നെന്ന് പ്രസ്താവനയിൽ പറയുന്നു.
ഐസ്ക്രീം ഷോപ്പ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. മുസ്ലിംകൾ പുണ്യമാസമായി കരുതുന്ന റംസാൻ വ്രതാചരണത്തിനിടെയാണ് ഐഎസ് സ്ഫോടനങ്ങൾ എന്നതും ശ്രദ്ധേയമാണ്.