അതിർത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ മറുപടി.

07:35 pm 1/6/2017

ജമ്മു: ജമ്മു കാഷ്മീർ അതിർത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സൈന്യത്തിന്‍റെ പ്രത്യാക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. പാക് അധീന കാഷ്മീരിലെ ഭീംബറിലാണ് ഏറ്റുമുട്ടലുണ്ടായത്. ആറു പാക് സൈനികർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഇസ്‌ലാമാബാദിലുള്ള ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി വിശദീകരണം തേടി.

വ്യാഴാഴ്ച രാവിലെ അതിർത്തിയിലെ നൗഷേര, കൃഷ്ണഘാട്ടി മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിനു മറുപടിയായാണ് ഇന്ത്യൻ സൈന്യത്തിന്‍റെ പ്രത്യാക്രമണം. അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേന മേധാവി ബിപിൻ റാവത് സംസ്ഥാനത്ത് സന്ദർശനം നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങളോട് മോശമായ രീതിയിലാണ് പാക്കിസ്ഥാൻ പ്രതികരിച്ചതെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റിലി രാവിലെ പറഞ്ഞിരുന്നു.