07:17 am 8/6/2017
ടെഹ്റാൻ: ഇറാൻ പാർലമെന്റിലും ആത്മീയ നേതാവായിരുന്ന അയത്തുള്ള റുഹുള്ള ഖൊമേനിയുടെ ശവകുടീരത്തിലുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ആക്രമണത്തിൽ 12 മരണം. പാർലമെന്റ് സമ്മേളനം നടക്കവേ ആയുധധാരികളായ നാലു ഭീകരർ നടത്തിയ വെടിവയ്പിലും സ്ഫോടനത്തിലും സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. 42 പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 10.45ഓടെയായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ ഇറാൻ ആത്മീയനേതാവ് ഖൊമേനിയുടെ ശവകുടീരത്തിലും ചാവേർ സ്ഫോടനം നടന്നു. വനിതാ ചാവേറുകളാണ് ഇവിടെ ആക്രമണം നടത്തിയത്. ഇവിടെനിന്ന് ഒരു സ്ത്രീ അറസ്റ്റിലായിട്ടുണ്ട്.
പാർലമെന്റിനുള്ളിലെ ആക്രമണത്തിന്റെ 24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രസിദ്ധപ്പെടുത്തി ഇരട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് തങ്ങളുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ അമഖിലൂടെ ഏറ്റെടുത്തു.
ഷിയാ രാഷ്ട്രമായ ഇറാനിൽ ആദ്യമായാണ്, സുന്നി ജിഹാദികളായ ഐഎസ് ആക്രമണം നടത്തുന്നത്. 2016 ജൂണിൽ ടെഹ്റാനിൽ ഇരട്ട ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം തകർത്തതായി ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.
ഇറാൻ പിടിച്ചെടുക്കുമെന്നും പഴയതുപോലെ സുന്നി രാഷ്ട്രമാക്കുമെന്നും അവകാശപ്പെടുന്ന വീഡിയോ മാർച്ചിൽ ഐഎസ് പുറത്തുവിട്ടിരുന്നു. ഐഎസ് വിരുദ്ധ പോരാട്ടത്തിൽ ഇറാക്കിനെയും സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെയും ഇറാൻ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലായിരുന്നു അത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക യോഗം ആഭ്യന്തരമന്ത്രി അബ്ദുൾ റഹ്മാൻ ഫൈസൽ വിളിച്ചുചേർത്തു. അഞ്ചുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ പാർലമെന്റില് ആക്രമണം നടത്തിയ എല്ലാവരെയും വധിച്ചതായി ഉച്ചകഴിഞ്ഞു മൂന്നോടെ സൈനികവൃത്തങ്ങൾ അറിയിച്ചു. ഭീരുക്കളാണ് ആക്രമണം നടത്തിയതെന്നും ഇറാൻ ഭീകരതയ്ക്കെതിരേ പോരാട്ടം തുടരുമെന്നും സ്പീക്കർ അലി ലാറിയാനി പറഞ്ഞു.
ഖൊമേനിയുടെ ശവകുടീരത്തിൽ പൊട്ടിത്തെറിച്ചത് വനിതാ ചാവേറാണ്. ആറ് ഗ്രനേഡുകളുമായി മറ്റൊരു സ്ത്രീയെ ശവകുടീരത്തിനു സമീപത്തുനിന്നു പിടികൂടി. ഇറാനിലെ പ്രധാന തീർഥാടനകേന്ദ്രമാണ് 1979 ലെ ഇസ്ലാമിക് വിപ്ലവത്തിനു നേതൃത്വം നല്കിയ ഖൊമേനിയുടെ ശവകുടീരം.
പാർലമെന്റ് മന്ദിരത്തിനുള്ളിൽ നുഴഞ്ഞുകയറിയ ഭീകരർ തുടരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ സുരക്ഷാ സേന പാർലമെന്റ് മന്ദിരം വളഞ്ഞു. എകെ 47 റൈഫിളുകളും കലാഷ്നിക്കോവ് റൈഫിളുകളും ഉപയോഗിച്ചാണ് ഭീകരർ വെടിവച്ചത്. ഖൊമേനിയുടെ ശവകുടീരത്തിനു സമീപം സ്ഫോടനം നടത്തിയ തീവ്രവാദികൾ അവിടെയുണ്ടായിരുന്നവർക്കു നേരേയും വെടിയുതിർത്തു. സൗദി അറേ ബ്യയാണ് ഇരട്ട ആക്രമണ ത്തിനു പിന്നിലെന്ന് ഇറാൻ ആരോപിച്ചു.