ഏഷ്യാനെറ്റിനും കൈരളിക്കും സരിതക്കും എതിരെ മുഖ്യമന്ത്രിയുടെ മാനനഷ്ടകേസ്

07:31pm 08/04/2016
download (4)
കൊച്ചി: സോളാര്‍ കേസ് പ്രതി സരിതാ എസ്.നായര്‍ക്കും നാല് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് എറണാകുളം സി.ജെ.എം കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേസില്‍ ഒന്നാം പ്രതി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ ആണ്. ഏഷ്യാനെറ്റ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ വിനു വി ജോണ്‍, കൈരളി ചീഫ് ന്യൂസ് എഡിറ്റര്‍ മനോജ് വര്‍മ്മ, സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ. രാജേന്ദ്രന്‍ എന്നിവരാണ് കേസില്‍ ഒന്നുമുതല്‍ നാലുവരെ പ്രതികള്‍. സരിതാ എസ്.നായര്‍ അഞ്ചാം പ്രതിയാണ്. ഹരജിയില്‍ കോടതി മെയ് 28ന് വാദം കേള്‍ക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിക്കുന്ന സരിതയുടെ കത്ത് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഇതാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ടെലിവിഷന്‍ ചാനലുകളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് സരിത ശ്രമിക്കുന്നതെന്ന് മാനനഷ്ട ഹരജിയില്‍ പറയുന്നു. സരിതയുടെ കത്ത് പുറത്തു വിട്ട മാധ്യമങ്ങളും തന്നെ അപകീര്‍ത്തി പെടുത്തുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചത്. താന്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് ആരോപിച്ചതു തന്നെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. മാധ്യമങ്ങളിലൂടെ നിരന്തരം ആരോപണം ഉന്നയിക്കുന്നത് തന്റെ പൊതുജീവിതത്തില്‍ കളങ്കമുണ്ടാക്കിയെന്നും മാനസികമായി ഏറെ വിഷമം ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.