കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ജയം

01.13 AM 16-04-2016
dicock_1504
ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ജയം. അമിത് മിശ്രയുടെയും ക്വിന്റണ്‍ ഡികോക്കിന്റെയും പ്രകടനങ്ങളാണ് ഡെയര്‍ ഡെവിള്‍സിന് എട്ടു വിക്കറ്റ് ജയമൊരുക്കിയത്. ആദ്യം ബാറ്റുചെയ്ത കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യം 39 പന്ത് ശേഷിക്കെ രണ്്ടു വിക്കറ്റ് നഷ്ടത്തില്‍ ഡെയര്‍ ഡെവിള്‍സ് മറികടന്നു. ഡെവിള്‍സിനായി അമിത് മിശ്ര 11 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പുറത്താകാതെ 59 റണ്‍സുമായി ഡികോക്ക് ബാറ്റിംഗില്‍ തിളങ്ങി. മലയാളിതാരം സഞ്ജു വി. സാംസണ്‍ 33 റണ്‍സ് നേടി ഡല്‍ഹി വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ഡികോക്കും സഞ്ജുവും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ടോസ് നേടിയ ഡല്‍ഹി നായകന്‍ ഡേവിഡ് മില്ലര്‍ കിംഗ്‌സ് ഇലവനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഡല്‍ഹി ബൗളര്‍മാരുടെ മികച്ച പ്രകടനത്തിനു മുന്നില്‍ തകര്‍ന്ന കിംഗ്‌സ് ഇലവന് മത്സരത്തിലൊരിക്കലും തിരിച്ചുവരവിന് സാധിച്ചില്ല. 59 റണ്‍സിനിടെ കിംഗ്‌സ് ഇലവന്റെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്താന്‍ ഡെവിള്‍സിനായി. ഇതില്‍ നാലു വിക്കറ്റും നേടിയത് അമിത് മിശ്രയായിരുന്നു. അവസാന ഓവറുകളില്‍ മോഹിത് ശര്‍മ (15) യും പ്രദീപ് സാഹു (18) വും നടത്തിയ പോരാട്ടമാണ് പഞ്ചാബ് സ്‌കോര്‍ 100 കടത്തിയത്. 32 റണ്‍സ് നേടിയ മനന്‍ വോറയാണ് കിംഗ്‌സ് ഇലവന്‍ ടോപ് സ്‌കോറര്‍. ഈ സീസണിലെ ഡല്‍ഹിയുടെ ആദ്യ ജയമാണിത്. കിംഗ്‌സ് ഇലവന്‍ കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടു.