09:42am 01/3/2016
മിര്‍പുര്‍: രണ്ടു മത്സരങ്ങളിലും ജയവുമായി ഏഷ്യാകപ്പ് പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ, വിജയം ലക്ഷ്യമിട്ട് ചൊവ്വാഴ്ച ശ്രീലങ്കയെ നേരിടും. നാലു പോയന്റുള്ള ഇന്ത്യ, ലങ്കക്കെതിരെ ജയവുമായി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ഉദ്ദേശ്യത്തിലാണ് ഇറങ്ങുന്നത്. മറുവശത്ത്, ആതിഥേയരായ ബംഗ്ളാദേശിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ലങ്ക. മികച്ച റണ്‍റേറ്റുമുള്ള ഇന്ത്യക്ക് ഇന്നത്തെ മത്സരം തോറ്റാലും ഒടുവിലത്തെ ലീഗ് പോരില്‍ യു.എ.ഇയെ പരാജയപ്പെടുത്തിയാല്‍ ഫൈനല്‍ ഉറക്കാനാകും. മൂന്നു മത്സരങ്ങളില്‍ നാലു പോയന്റുമായി ബംഗ്ളാദേശ് മുന്നില്‍ നില്‍ക്കെ, ചൊവ്വാഴ്ച ലങ്ക തോല്ക്കുകയാണെങ്കില് അവരുടെ പാകിസ്താനുമായുള്ള അവസാന മത്സരം നോക്കൗട്ട് ഫലംചെയ്യും.
പരിക്കേറ്റ ലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗയുടെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ സംശയംനില്‍ക്കെ അധികം അപകടമുള്ള ബൗളിങ് ആക്രമണത്തെ ഇന്ത്യക്ക് നേരിടേണ്ടിവരില്ല എന്നാണ് വിലയിരുത്തല്‍. ഏയ്ഞ്ചലോ മാത്യൂസ്, ദുഷ്മാന്ത ചമീര, രംഗന ഹെറാത്ത്, നുവാന്‍ കുലശേഖര എന്നിവരായിരിക്കും ലങ്കന്‍ ബൗളിങ്ങിനെ നയിക്കുന്നത്. കരുത്താര്‍ന്ന ബാറ്റിങ്നിരയായ ഇന്ത്യക്ക് പക്ഷേ, പരിക്കിന്റെ അപകടം മണക്കുന്നുണ്ട്. പാകിസ്താനെതിരായ മത്സരത്തില്‍ മുഹമ്മദ് ആമിറിന്റെ പന്ത് കാല്‍പാദത്തില്‍കൊണ്ട ഓപണര്‍ രോഹിത് ശര്‍മക്ക് വിരലില്‍ പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച കാല്‍വിരലിന്റെ എക്സ്റേക്ക് വിധേയനായ താരം, തിങ്കളാഴ്ച പരിശീലനത്തിനിറങ്ങിയില്ല. രോഹിത് കളിക്കുന്ന കാര്യം സംശയത്തിലാണ്. പരിക്കുകാരണം പാകിസ്താനെതിരെ പുറത്തിരുന്ന ശിഖര്‍ ധവാന് പരിശീലനം നടത്തി. ധവാന് ചൊവ്വാഴ്ച ഇറങ്ങുമെന്നാണ് സൂചന. പേശിവലിവ് അലട്ടിയിരുന്ന ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും പകരക്കാരനാകാന്‍ അവസാന നിമിഷം ടീമില്‍ ഉള്‍പ്പെടുത്തിയ പാര്‍ഥിവ് പട്ടേലുമെല്ലാം തിങ്കളാഴ്ച നെറ്റ്സില്‍ ഏറെനേരം പരിശീലനം നടത്തി.