09:10 am 23/6/2017
പോർട്ട് ഓഫ് സ്പെയിൻ: ചാന്പ്യൻസ് ഫൈനലിൽ പാക്കിസ്ഥാനോടേറ്റ നാണംകെട്ട തോൽവി കൂടാതെ പരിശീലകന്റെ സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയുടെ രാജി ഉണ്ടാക്കിയിരിക്കുന്ന വിവാദങ്ങൾ എന്നിവയെല്ലാം ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ വിരാട് കോഹ്ലിയും സംഘവും പരന്പരയിൽ സന്പൂർണ ജയമാണ് ലക്ഷ്യമിടുന്നത്.
അഞ്ച് ഏകദിനവും ഒരു ട്വന്റി-20യുമാണ് പരന്പരയിൽ. ഒരു വർഷം മുന്പ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി കുംബ്ലെ സ്ഥാനമേറ്റതും വിൻഡീസ് പര്യടനത്തിലാണ്. എന്നാൽ ഇപ്പോൾ ആ ടീം കുംബ്ലെ ഇല്ലാതെയാണ് എത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിനൊപ്പം വിൻഡീസിലേക്കു യാത്ര ചെയ്യാതെ ലണ്ടനിൽ തങ്ങിയ കുംബ്ലെ ഏവരെയും ഞെട്ടിച്ചുകൊണ്ട് പരിശീലക സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യക്കെതിരേയുള്ള പരന്പരയ്ക്കു മുന്പ് അഫ്ഗാനിസ്ഥാനോട് 1-1ന് സമനിലയുമായി രക്ഷപ്പെട്ട ജേസൻ ഹോൾഡറുടെ സംഘം നിലവാരത്തിൽ ഇന്ത്യയെക്കാൾ വളരെ പിന്നിലാണ്. പരിചയസന്പത്തിലും ബാറ്റിംഗ്, ബൗളിംഗ് മികവിലും ഇന്ത്യയാണ് എതിരാളികളെക്കാൾ മുന്നിൽ. പരന്പരയിൽ ജസ്പ്രീത് ബുംറ ഇല്ലാത്തതിനാൽ മുഹമ്മദ് ഷാമിക്ക് അവസരം ലഭിക്കും. ചാന്പ്യൻസ് ലീഗിൽ ഒരു കളിയിൽ പോലും ഷാമി ഇറങ്ങിയിരുന്നില്ല.