കത്തോലിക്കാ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്ര സംവാദം കെയ്‌റോയില്‍ നടന്നു

08:39am 7/2/2016
Newsimg2_78454350

കെയ്‌റോ: കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും തമ്മില്‍ സംവാദത്തിനുള്ള അന്തര്‍ദേശീയ സമിതിയുടെ പതിമൂന്നാമത് സമ്മേളനം 2016 ജനുവരി 30 മുതല്‍ ഫെബ്രുവരി 6 വരെ ഈജിപ്തിലെ കെയ്‌റോയിലുള്ള കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സെന്ററില്‍ നടന്നു. ജനുവരി 31ന് സമിതിയംഗങ്ങള്‍ കോപ്റ്റിക് പരമാധ്യക്ഷന്‍ പരിശുദ്ധ തവദോറോസ് രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഈജിപ്തിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ബ്രൂണോ മുസാറോ കമ്മീഷന്‍ അംഗങ്ങളെ വസതിയില്‍ സ്വീകരിച്ചു.

കൂദാശകളില്‍ കത്തോലിക്കാ സഭയ്ക്കും ഓറിയന്റല്‍ സഭകള്‍ക്കുമുള്ള പൊതുവായ ധാരണകളും വിശ്വാസ സംഗതികളുമാണ് ഇപ്രവാശ്യം പ്രധാന പഠനവിഷയമാക്കിയത്. സഭകള്‍ തമ്മില്‍ ഐക്യത്തിന്റേയും സഹകരണത്തിന്റേയും പരമാവധി മേഖലകള്‍ കണ്ടെത്തി കൂട്ടായ സാക്ഷ്യം നല്‍കുവാനുള്ള പദ്ധതികളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി പ്രാവര്‍ത്തികമാക്കുവാന്‍ തീരുമാനിച്ചു. മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ പ്രതിസന്ധികളും, ഇറാക്ക്, സിറിയ തുടങ്ങിയ സ്ഥലങ്ങളില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുകയും നാമാവശേഷമായിക്കൊണ്ടിരിക്കുന്നതുമായ സംഗതികളും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.

വത്തിക്കാനിലെ സഭൈക്യ ചര്‍ച്ചകള്‍ക്കുള്ള സമിതിയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോഹ് ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കത്തോലിക്കാ പ്രതിനിധികളും, സിറിയന്‍ ഓര്‍ത്തഡോക്‌സ്, കോപ്റ്റിക് ഓര്‍ത്തഡോക്‌സ്, അര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് എന്നീ സഭകളില്‍ നിന്നുള്ള 28 പ്രതിനിധികള്‍ പങ്കെടുത്തു. ലെബനോലിലെ ആര്‍ച്ച് ബിഷപ്പ് മോര്‍ തെയോഫിലോസ് ജോര്‍ജ് സലീബ, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവര്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ചു.