ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഫതേ കാദലിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ ഇര്ഫാന് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇതോടെ ബുര്‍ഹാന്‍ വാനിയുടെ വധത്തിനു ശേഷം ഉണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായ 44-ാം ദിവസവും കാഷ്മീരിന്റെ പലഭാഗങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താഴ്വരയിലെ സംഘര്‍ഷ മേഖലകളില്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. സൈന്യത്തിന് നേരെ പലയിടത്തും രൂക്ഷമായ കല്ലേറുണ്ടായി. കാഷ്മീരിലെ സംഘര്‍ഷങ്ങളില്‍ സുരക്ഷ ജീവനക്കാരും പ്രതിഷേധക്കാര്‍ക്കും ഉള്‍പ്പടെ 4,000 ത്തോളം പേര്‍ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.
ഹിസ്ബുള്‍ മുജാഹുദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെ ജൂലൈ ഒന്‍പതിനാണ് കാഷ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും വ്യാപാര സ്ഥാപനങ്ങളും എല്ലാം നിശ്ചലമാണ്. എന്നാല്‍ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സൈന്യത്തിന്റെ സുരക്ഷയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.