ചിക്കാഗോ വടംവലി: സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു

11:37am 23/6/2016

– മാത്യു തട്ടാമറ്റം
Newsimg1_97900034
ഷിക്കാഗോ: സമത്വസുന്ദരമായ ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് പൊന്നോണം വീണ്ടും വരവായി. ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആവേശം തിരതല്ലുന്ന സെപ്റ്റംബര്‍ അഞ്ചാം തീയതി തിങ്കളാഴ്ച നടക്കുന്ന നാലാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന്റെ സ്വാഗതസംഘം ഉദ്ഘാടനം ക്ലബ് ആസ്ഥാനത്ത് കൂടിയ പൊതുയോഗത്തില്‍ ബഹു മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അധ്യക്ഷനായിരുന്നു.

കേരളത്തിന്റെ തനതായ ശൈലിയും പാരമ്പര്യവും ചിക്കാഗോയില്‍ കാത്തുസൂക്ഷിക്കുന്നതിനുപരി നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ പ്രവര്‍ത്തനം ശ്ശാഘനീയമാണെന്ന് ഫാ. തോമസ് മുളവനാല്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന് വടംവലി മത്സരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഓരോ കണ്‍വീനേഴ്‌സിന്റേയും ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമാണെന്നു പറഞ്ഞു. ചടങ്ങില്‍ ക്ലബിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജു കണ്ണമ്പള്ളി (പ്രസിഡന്റ്), സിബി കദളിമറ്റം (വൈസ് പ്രസിഡന്റ്), ജോയി നെല്ലാമറ്റം (സെക്രട്ടറി), സണ്ണി ഇണ്ടിക്കുഴി (ട്രഷറര്‍), പ്രദീപ് തോമസ് (ജോയിന്റ് സെക്രട്ടറി), മുന്‍ പ്രസിഡന്റ് സൈമണ്‍ ചക്കാലപ്പടവന്‍ ഉള്‍പ്പടെ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സിബി കദളിമറ്റം സ്വാഗതവും ജോയി നെല്ലാമറ്റം നന്ദിയും പറഞ്ഞു.