ട്രെയിനില്‍ സ്വീകരിക്കും ഇനി ഹോസ്റ്റസുമാര്‍

10:20am 22/22/2016
images

ന്യൂഡല്‍ഹി: ട്രെയിനില്‍ ഹോസ്റ്റസിനെ അവതരിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഉടന്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ഇന്ത്യയിലെതന്നെ ഏറ്റവും വേഗംകൂടിയ ആദ്യത്തെ സെമി അതിവേഗ (മണിക്കൂറില്‍ 160 കിലോമീറ്റര്‍) ട്രെയിനായ ഡല്‍ഹി-ആഗ്ര ഗാട്ടിമാന്‍ എക്‌സ്പ്രസിലാണ് ട്രെയിന്‍ ഹോസ്റ്റസിനെ ആദ്യം നിയമിക്കുക. ഗാട്ടിമാന്‍ എക്‌സ്പ്രസ് അടുത്തമാസത്തോടെ ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഈ മാസം 25ന് അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അതിവേഗ ട്രെയിനിന്റെ സവിശേഷതകള്‍ പ്രഖ്യാപിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാസംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന അഗ്‌നിബാധ മുന്നറിയിപ്പ് യന്ത്രം, യാത്രക്കാരുടെ വിവരങ്ങളടങ്ങിയ ജി.പി.എസ് സംവിധാനം, കോച്ചുകളില്‍ സൈ്‌ളഡിങ് വാതില്‍, ഓരോ കോച്ചിലും ടെലിവിഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ ട്രെയിനില്‍ ഉണ്ടാകും.

വിമാന സര്‍വിസിന് സമാനമായ രീതിയില്‍ സാധ്യമായ പരമാവധി സൗകര്യങ്ങള്‍ ഇതില്‍ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിമാനത്തിലേതുപോലെ ഹോസ്റ്റസ് ട്രെയിനില്‍ ഉണ്ടാകുമെന്നും വിമാനത്തിലെ അതേ നിലവാരത്തിലായിരിക്കുമെന്നും അവര്‍ പറഞ്ഞു. ശതാബ്ദി എക്‌സ്പ്രസിനേക്കാളും 25 ശതമാനം നിരക്ക് കൂടുതലായിരിക്കുമെന്നും കാറ്ററിങ് സര്‍വിസ് വളരെ മെച്ചപ്പെട്ടതായിരിക്കുമെന്നും റെയില്‍വേ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. 12 കോച്ചുകളായിരിക്കും ഉണ്ടായിരിക്കുക. ശതാബ്ദി എക്‌സ്പ്രസ് 200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എടുക്കുന്നത് 120 മിനിറ്റാണെങ്കില്‍ ഗാട്ടിമാന്‍ എക്‌സ്പ്രസിന് 105 മിനിറ്റ് മതിയാകും.