ഗിന്നസിലേക്ക്: അഖിലകൈരള കോല്‍ക്കളിസംഘം

22/2/2016
pk06-clr

കോഴിക്കോട്: ഒമ്പതു വയസ്സ് മുതല്‍ 75 വയസ്സുവരെയുള്ള 520 പേര്‍. ഒരേ താളത്തില്‍ ഒരേചുവടില്‍ അവര്‍ ചുവടുവെച്ച് കയറിയത് ഗിന്നസിന്റെ സുവര്‍ണതാളുകളിലേക്ക്. 120 പേര്‍ ചേര്‍ന്ന് കാസര്‍കോട് നടത്തിയ കോല്‍ക്കളി റെക്കോഡാണ് കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജ് ഗ്രൗണ്ടില്‍ അഖില കൈരള കോല്‍ക്കളി ഗുരുക്കള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പഴങ്കഥയാക്കിയത്. 10 മിനിറ്റ് നീണ്ട കളിയില്‍ തനത് കോല്‍ക്കളിയാണ് അവതരിപ്പിച്ചത്. രണ്ടു കളിയും രണ്ടു പാട്ടുമാണ് കളിച്ചത്. ‘പതറാതെയും വെട്ടി ഹംസ പുലിയാം കുട്ടി ഇസ്ലാമിയത്തിന്റെ കൊടിയും നാട്ടി…’, തരണം പിതാവോരെ ഉങ്കളൊഴികെ താനത്തിലാരും എനിക്കില്ലല്‌ളോ… തുടങ്ങുന്ന വരികള്‍ക്കാണ് കളി സംഘങ്ങള്‍ ചുവടുവെച്ച് മുന്നേറിയത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ കോല്‍ക്കളിസംഘങ്ങളാണ് റെക്കോഡ് പ്രകടനത്തിനായി എത്തിയത്. വ്യത്യസ്ത ശൈലിയിലാണ് ഓരോ ജില്ലയിലെയും കോല്‍ക്കളികള്‍.
എന്നാല്‍, ഗിന്നസ് പ്രകടനത്തിനുവേണ്ടി ഏകീകൃതമായ ശൈലി രൂപവത്കരിച്ചു. 26 മുതല്‍ കോഴിക്കോട് ആരംഭിക്കുന്ന അഖില കൈരള കോല്‍ക്കളി ഗുരുക്കള്‍ അസോസിയേഷന്റെ പ്രഥമ സമ്മേളനത്തിന്റെ ഭാഗമായാണ് കോല്‍ക്കളി നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഗിന്നസ് ലക്ഷ്യമാക്കിയുള്ള പ്രകടനത്തിന്റെ ഉദ്ഘാടനം സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ശംസു ഗുരുക്കള്‍ കോഴിക്കോട് അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കോപ്പിലാന്‍, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഇസ്മയില്‍ ഗുരുക്കള്‍ സ്വാഗതവും ട്രഷറര്‍ ബീരാന്‍കോയ ഗുരുക്കള്‍ നന്ദിയും പറഞ്ഞു. പ്രകടനം നിരീക്ഷിക്കാന്‍ ഗിന്നസ് റെക്കോഡ് പ്രതിനിധികളും എത്തിയിരുന്നു. ഗിന്നസ് അധികൃതര്‍ പരിപാടി പകര്‍ത്തിയിട്ടുണ്ട്.