രണ്ടു ദിവസം പൊട്ടക്കിണറ്റില്‍ ; മൂന്നാംനാള്‍ 83 കാരനെ പുറത്തെടുത്തു

09:50AM 22/2/2016
images

ചെറുതുരുത്തി: പൊട്ടക്കിണറ്റില്‍ രണ്ടു ദിവസങ്ങള്‍ കഴിയേണ്ടി വന്ന വയോധികന് മൂന്നാനാള്‍ പുതുജീവിതത്തിലേക്ക് . ചെറുതുരുത്തി നിവാസിയായ ബാലകൃഷ്ണന്‍ നായരെയാണ് ജീവിതത്തിലേക്ക് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വലിച്ചു കയറ്റിയത്. വ്യാഴാഴ്ച രാത്രി 12 കോല്‍ താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണ ബാലകൃഷ്ണനെ ശനിയാഴ്ച ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്സ് സ്റ്റേഷനിലെ ജീവനക്കാരാണ് പുറത്തെടുത്തത്.
ശനിയാഴ്ച രാവിലെ ബാലകൃഷ്ണന്‍ നായരുടെ മകളാണ് വീടിന് തൊട്ടടുത്തുള്ള പറമ്പിലെ പൊട്ടക്കിണറ്റില്‍ പിതാവിനെ കണ്ടെത്തിയത്. ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ 83 കാരനെ കിണറ്റില്‍ നിന്നും പുറത്തെടുത്തു. വീടിന്റെ തൊട്ടടുത്ത പറമ്പിലെ പൊട്ടക്കിണറ്റിന് സമീപത്ത് പിതാവ് ഉപയോഗിച്ചിരുന്ന ടോര്‍ച്ച് കണ്ടെത്തിയാണ് മകള്‍ കിണറ്റില്‍ നോക്കിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേനാ വിഭാഗം വലയിറക്കി വൃദ്ധനെ പുറത്തെടുത്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.