ദക്ഷിണാഫ്രിക്കയെ മറികടന്നു ഇംഗ്‌ളണ്ടിന്റെ ജയം.

08:36am 19/3/2016
images (1)

മുംബൈ: ഗാലറിയിലെ ഓരോ കാണിയെയും പെരുവിരലില്‍ നിര്‍ത്തിയ ആവേശപ്പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കയുടെ റണ്‍മലയെ റോക്കറ്റ് വേഗത്തില്‍ മറികടന്ന് ഇംഗ്‌ളണ്ടിന്റെ ഗംഭീര ജയം. ബൗളര്‍മാരുടെ ശവപ്പറമ്പായി മാറിയ വാംഖഡെയിലെ പിച്ചില്‍ ദക്ഷിണാഫ്രിക്കയുടെ സിക്‌സിനും ബൗണ്ടറിക്കും അതേ സിക്‌സറും ബൗണ്ടറിയുമായി മറുപടി നല്‍കി ഇംഗ്‌ളണ്ട് നടത്തിയ വീരപോരാട്ടത്തിന്റെ വിജയം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക മൂന്നു പേരുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറി മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടിയപ്പോള്‍ വിജയം പ്രോട്ടീസിനുറപ്പിച്ചതായിരുന്നു. എന്നാല്‍, വാംഖഡെ ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയാണെന്നു പ്രഖ്യാപിച്ച് ഇംഗ്‌ളണ്ട് ആഞ്ഞടിച്ച് 19.4 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിച്ചു. ആദ്യ കളിയില്‍ വിന്‍ഡീസിനോട് തോല്‍വി വഴങ്ങിയ ഇംഗ്‌ളണ്ടിന് രണ്ടു വിക്കറ്റ് ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഓപണര്‍മാരായ ഹാഷിം ആംലയും (31 പന്തില്‍ 58) ക്വിന്റണ്‍ ഡി കോക്കും (24 പന്തില്‍ 52) അഞ്ചാമനായത്തെിയ ജെ.പി. ഡുമിനിയും (28 പന്തില്‍ 54 നോട്ടൗട്ട്) ചേര്‍ന്നാണ് കൂറ്റന്‍ സ്‌കോറിലത്തെിച്ചത്.
പതുക്കെ തുടങ്ങിയ ദക്ഷിണാഫ്രിക്ക റീസ് ടോപ്ലെ എറിഞ്ഞ രണ്ടാം ഓവറിലാണ് ടോപ് ഗിയറിലേക്ക് മാറിയത്. ഒരു സിക്‌സും രണ്ടു ഫോറുമായി ഡി കോക്ക് തുടങ്ങി. വില്ലിയുടെ അടുത്ത ഓവറില്‍ രണ്ടു സിക്‌സും രണ്ടു ബൗണ്ടറിയും. നാലാം ഓവറില്‍ ആംലയുടെ ബാറ്റിനും ചൂടുപിടിച്ചു. മാറിമാറി റണ്‍വേട്ട നടത്തിയ കൂട്ട് എട്ടാം ഓവറില്‍ മുറിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 96 റണ്‍സിലത്തെി. മൂന്നു സിക്‌സും ഏഴു ബൗണ്ടറിയുമായി ഡി കോക്കാണ് പുറത്തായത്. പിന്നീട് ക്രീസിലത്തെിയ ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും (16) എളുപ്പം മടങ്ങി. മൂന്നാമനായി ആംലയും പുറത്തായി. അവസാന ഓവറുകളില്‍ റണ്‍വേട്ട തുടര്‍ന്ന ഡുമിനിയാണ് സ്‌കോര്‍ 200 കടത്തിയത്.മറുപടി ബാറ്റിങ്ങില്‍ ഇംഗ്‌ളീഷ് ബാറ്റിന് ബോംബിങ്ങിന്റെ മൂര്‍ച്ചയായിരുന്നു. റബാദയുടെ ആദ്യ ഓവറില്‍ പിറന്നത് 21 റണ്‍സ്. സ്‌റ്റെയിന്റെ രണ്ടാം ഓവറില്‍ 23 റണ്‍സ്. അലക്‌സ് ഹെയ്ല്‍സ് എളുപ്പം മടങ്ങിയെങ്കിലും ജാസണ്‍ റോയ് കലിതീര്‍ക്കുകയായിരുന്നു. 16 പന്തില്‍ മൂന്നു സിക്‌സുമായി 43 റണ്‍സ്. റോയ് നല്‍കിയ തുടക്കം ഏറ്റെടുത്ത ജോ റൂട്ട് 44 പന്തില്‍ 83 റണ്‍സുമായി ഇംഗ്‌ളണ്ടിനെ മുന്നോട്ടുനയിച്ചു. അവസാന ഓവറുകളില്‍ ഒപ്പത്തിനൊപ്പമത്തെിയ ശേഷം രണ്ടു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഇംഗ്‌ളീഷ് വിജയം തടയാന്‍ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞില്ല. റൂട്ടാണ് മാന്‍ ഓഫ് ദ മാച്ച്.