ഫുട്ബാളില്‍ ഇന്ന് ഫൈനല്‍

10:20am
15/02/2016
Chhetri-PTI
ഗുവാഹതി: 21 വര്‍ഷത്തെ കാത്തിരിപ്പിന് റെഡ്കാര്‍ഡ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയുടെ പുരുഷ ഫുട്ബാള്‍ ടീം. സരുസജായ് സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിലെ ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് നേപ്പാളിനെതിരെയാണ് കലാശപ്പോരാട്ടം. വനിതകളിലും നേപ്പാളിനെയാണ് ഫൈനലില്‍ എതിരിടുന്നത്. വൈകീട്ട് അഞ്ചിന് ഷില്‌ളോങ്ങിലെ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.

സാഫ് കപ്പില്‍ ജേതാക്കളായത്തെിയ ഇന്ത്യ യുവനിരക്ക് മുന്‍തൂക്കം നല്‍കിയപ്പോള്‍ ഇവിടെ ആദ്യ മത്സരത്തില്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. ശ്രീലങ്കയാണ് 21ന് ആതിഥേയരെ ഞെട്ടിച്ചത്. പിന്നീട് മാലദ്വീപിനെ തോല്‍പിച്ച് സെമിയിലത്തെി. നിലവിലെ ജേതാക്കളായ ബംഗ്‌ളാദേശിനെയാണ് സെമിയില്‍ പരാജയപ്പെടുത്തിയത്. കോഴിക്കോട്ടുകാരന്‍ ടി.പി. രഹനേഷ് വലകാക്കുന്ന ടീമില്‍ സന്ദേശ് ജിങ്കാനും ജെറി മാവിമിങ്താങ്ങടക്കമുള്ള താരങ്ങളുണ്ട്. സെമിയില്‍ ബംഗ്‌ളാദേശിനെതിരെ മാവിമിങ്താങ് തകര്‍പ്പന്‍ ഗോള്‍ നേടിയിരുന്നു.

കഴിഞ്ഞ കളിയില്‍ വിശ്രമമനുവദിച്ച ബിമല്‍ ഘര്‍ട്ടി മഗറും ഗോളി ബികാഷ് കുത്തുവും നേപ്പാള്‍നിരയില്‍ തിരിച്ചുവരും. 93ല്‍ നേപ്പാളിനെ കീഴടക്കിയാണ് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ അവസാനമായി സ്വര്‍ണമണിഞ്ഞത്. അന്ന് നായകനായിരുന്ന രാജു ഷാക്യയാണ് ഗുവാഹതിയില്‍ നേപ്പാളിന്റെ പരിശീലകന്‍. വനിതകളുടെ ഫൈനലിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റനും ശ്രദ്ധേയതാരവുമായ ബെംബെം ദേവി വിരമിക്കും. യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനായിരിക്കും ഇനി ശ്രദ്ധ. മണിപ്പൂരി ജൂനിയര്‍ ഫുട്ബാള്‍ ടീമിന്റെ പരിശീലകസ്ഥാനവും ഏറ്റെടുക്കും.

24 വര്‍ഷമായി മണിപ്പൂരിനായി കളിക്കുന്ന ഈ മിഡ്ഫീല്‍ഡറുടെ അന്താരാഷ്ട്ര അരങ്ങേറ്റം 15ാം വയസ്സില്‍ ഗുവാമിനെതിരെയായിരുന്നു. ഇന്ത്യക്കായി 18 മത്സരങ്ങളില്‍നിന്ന് 11 ഗോളുകള്‍ നേടി. 2013ലും 2001ലും ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ വുമണ്‍ ഫുട്ബാള്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിന്റെ ക്യാപ്റ്റനും ബെംബെംതന്നെയായിരുന്നു.