വെറുതേ നായകനെ പ്രേമിച്ച് കടല്‍ത്തീരത്തും കായലോരത്തും കറങ്ങി നടക്കാനില്ലെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ച നടിയാണ് ഭാവന. നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ക്ക് ഇനി പ്രാധാന്യം നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു. മികച്ച അഭിനേത്രി കൂടിയായ താരത്തിന്റെ ആഗ്രഹം പോലെ തന്നെ നായികാപ്രാധാന്യമുള്ള സിനിമ തേടിയെത്തുന്നു.
നടനും സംവിധായകനുമായ വിജയ്മേനോന് സംവിധാനം ചെയ്യുന്ന വിളക്കുമരം ഭാവനയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് സൂചന. അശ്വതി അനന്തകൃഷ്ണന് എന്ന സ്കൂള്‍ ടീച്ചറെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ജുവനൈല്‍ഹോം കൗണ്‍സിലര്‍ കൂടിയാണ് അശ്വതി. സമൂഹത്തിന് ഒരു വലിയ സന്ദേശം കൂടിയാണ് ഈ ചിത്രം നല്‍കുന്നതെന്ന് വിജയ്മേനോന് പറയുന്നു.
വിജയ് യുടെ പുത്രന് നിഖിലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ നിഖില്‍ പുസ്തകമെഴുതാന്‍ വെച്ചിരുന്ന രചന പിതാവിനെ കാണിക്കുകയും വിജയ് അത് തിരക്കഥയാക്കാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. തുടര്‍ന്ന് അതില്‍ അനേകം കൂട്ടിച്ചേര്‍ക്കലും തിരുത്തലുകളും വരുത്തി ഒന്നാന്തരം തിരക്കഥയാക്കുകയും സ്ക്രിപ്റ്റ് രഞ്ജി പണിക്കരെ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് രഞ്ജിയാണ് സംവിധായകനാകാന്‍ വേണ്ട ആത്മവിശ്വാസം നല്‍കിയത്. ഭാവനയ്ക്ക് പുറമേ മനോജ് കെ ജയന്, സുരാജ് വെഞ്ഞാറമൂട്, വിനോദ് കോവൂര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.