പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു. ന്യൂസീലന്‍ഡിനെതിരെ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റോടെ കളമൊഴിയുമെന്ന് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ടെസ്റ്റിന്റെ അവസാന ദിവസമാണ് ജോണ്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വിട പറയാന്‍ ഇതാണ് ഏറ്റവും പറ്റിയ സമയം. ഭാഗ്യം കൊണ്ട് നല്ലൊരു കരിയര്‍ ലഭിച്ചു. ശരിക്കും ആസ്വദിച്ചുതന്നെയാണ് രാജ്യത്തിനുവേണ്ടി ഓരോ നിമിഷവും കളിച്ചത്. എന്നെങ്കിലും ഒരിക്കല്‍ ഈ കരിയര്‍ അവസാനിച്ചല്ലെ പറ്റൂ. വാക്ക (വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍) സ്‌റ്റേഡിയത്തില്‍ വച്ചു തന്നെ വിട പറയാനായതില്‍ സന്തോഷമുണ്ട്. ഏറെക്കാലത്തെ ആലോചനയ്ക്കുശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. ബാഗി ഗ്രീനില്‍ ഇപ്പോഴത്തെ പ്രകടനം തുടര്‍ന്നും ആവര്‍ത്തിക്കാനാവുമെന്ന് ഉറപ്പില്ല-ജോണ്‍സണ്‍ പറഞ്ഞു.
വിരമിക്കല്‍ പ്രഖ്യാപിച്ച ജോണ്‍സന് ടെസ്റ്റിന്റെ അവസാന ദിനം ഫീല്‍ഡ് ചെയ്യുകയായിരുന്ന ന്യൂസീലന്‍ഡ് ടീമംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഗ്യാലറി എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണ് ടെസ്റ്റ് കരിയറിലെ അവസാന ദിവസത്തിനായി ഗ്രൗണ്ടിലെത്തിയ ജോണ്‍സണെ വരവേറ്റത്.
ഓസ്‌ട്രേലിയക്കുവേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ നാലാമത്തെ ബൗളര്‍ എന്ന ബഹുമതിയുമായാണ് 34 കാരനായ ജോണ്‍സണ്‍ അരങ്ങൊഴിയുന്നത്. 73 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റാണ് ഒന്നര പതിറ്റാണ്ടുകാലമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ പേസിന്റെ പര്യായമായിരുന്ന ജോണ്‍സന്‍ നേടിയത്. 310 ടെസ്റ്റ് വിക്കറ്റെന്ന ബ്രെറ്റ് ലീയുടെ നേട്ടം അവസാന ടെസ്റ്റിലാണ് ജോണ്‍സണ്‍ മറികടന്നത്. 61 റണ്ണിന് എട്ട് വിക്കറ്റ് കൊയ്തതാണ് ഒരു ഇന്നിങ്‌സിലെ ഏറ്റവും വലിയ നേട്ടം. ഒരു മത്സരത്തില്‍ 127 റണ്ണിന് 12 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടവും പന്ത്രണ്ട് തവണ അഞ്ചു വിക്കറ്റ് നേട്ടവും 16 തവണ നാലു വിക്കറ്റ് നേട്ടവും സ്വന്തമാക്കി.