രണ്ടാഴ്ച്ചത്തേക്ക് സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ

10:25am
25/2/2016
images (5)

ഡമസ്‌കസ്: സിറിയയില്‍ രണ്ടാഴ്ച്ചത്തേക്ക് വെടി നിര്‍ത്തല്‍ കരാറിന് ധാരണ. മറുപക്ഷം വെടിനിര്‍ത്തലിനോട് ക്രിയാത്മകമായി സഹകരിക്കുന്നുണ്ടെന്ന് പരിശോധിക്കാന്‍ കൂടിയാണ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിമതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച അമേരിക്കയും റഷ്യയും നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്.

കരാറിനെ പിന്തുണച്ച് പ്രസിഡന്റ് ബശ്‌ളാര്‍ അല്‍അസദ് കഴിഞ്ഞ ദിവസം രംഗത്തത്തെിയിരുന്നു. വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വെടിനിര്‍ത്തല്‍ കരാറിനെ അസദ് പിന്തുണച്ചതായി റഷ്യന്‍ പാര്‍ലമെന്റ് വ്യക്തമാക്കി. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന രാഷ്ട്രീയ പരിഹാരമെന്ന നിലക്കാണ് ബശ്‌ളാര്‍ കരാറിനെ കാണുന്നതെന്നും റഷ്യന്‍ പാര്‍ലമെന്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചു. തുര്‍ക്കി ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും കരാറില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിട്ടില്ല.

അതേസമയം, ഐ.എസിനെയും നുസ്‌റ ഫ്രണ്ടിനെയും വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പോരാട്ടം തുടരും. വെടിനിര്‍ത്തലിനെക്കുറിച്ച് പുടിന്‍ ഇറാന്‍, സൗദി നേതാക്കളുമായും ചര്‍ച്ചനടത്തി. കരാറിനെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്വാഗതം ചെയ്തു.