സുരേഷ്ഭായ് പട്ടേലിനെ പരിക്കേല്പിച്ച കേസ്-കോടതി അവസാനിപ്പിച്ചു

04:00pm 15/5/2016

– പി.പി.ചെറിയാന്‍
unnamed (1)
അലബാമ: നിരായുധനും, നിരപരാധിയുമായ ഇന്ത്യന്‍ വംശജന്‍ സുരേഷ്ഭായ് പട്ടേലിനെ(59) ബലമായി നിലത്തേക്ക് മലര്‍ത്തിയടിച്ചു നട്ടെല്ലിനും, കഴുത്തിനും ക്ഷതമേറ്റു അരയ്ക്കുതാഴെ തളര്‍ച്ച ബാധിച്ച കേസ്സ് ഡിസ്മിസ് ചെയ്തു. എറിക്ക് പാര്‍ക്കര്‍ എന്ന പോലീസുക്കാരനായിരുന്ന കേസ്സിലെ പ്രതി. 2015 ഫെബ്രുവരിയിലായിരുന്നു സംഭവം.

അലബാമ ലൈം സ്റ്റോണ്‍ കൗണ്ടി ഡിസ്ട്രിക്ക്റ്റ് കോടതി മെയ് 12നാണ് ഡിസ്മിസ്സല്‍ ഉത്തരവിറക്കിയത്.

മകനെ സന്ദര്‍ശിക്കുന്നതിനാണ് സുരേഷ്ബായ് ഇവിടെ എത്തിയത്. വൈകീട്ടു വീടിനു സമീപം നടക്കാനിറങ്ങിയതായിരുന്നു സുരേഷ്ഭായ്. അപരിചിതനായ ഒരാള്‍ റോഡിലൂടെ നടന്നു നീങ്ങുന്നു എന്ന സന്ദേശം ആരോ ചിലര്‍ പോലീസിനു നല്‍കി.

സ്ഥലത്തെത്തിചേര്‍ന്ന പോലീസ് സുരേഷ്ഭായിയെ ചോദ്യം ചെയ്തു. ഇംഗ്ലീഷ് ഭാഷ വശമില്ലാ എന്ന് ആംഗ്യഭാഷയില്‍ പോലീസിനെ അറിയിച്ചു. ചോദ്യം ചെയ്യല്‍ തുടരവെ പെട്ടെന്ന് പ്രകോപിതനായ പോലീസ് ഉദ്യോഗസ്ഥന്‍ പട്ടേലിനെ കഴുത്തിനു പിടിച്ചു നിലത്തേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായ പരുക്കേറ്റ് എഴുന്നേറ്റ് നില്‍ക്കുവാന്‍ പോലും കഴിയാതിരുന്ന പട്ടേലിനെ കൈവിലങ്ങണിയിച്ചു കാറില്‍ കയറ്റി കൊണ്ടുപോയി.

ഈ സംഭവത്തില്‍ ഇന്ത്യന്‍ സമൂഹവും, സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനാ നേതാക്കളും ശക്തമായി പ്രതിഷേധിച്ചിരുന്നു. അലബാമ ഗവര്‍ണ്ണര്‍ പോലും ചെയ്തുപോയ തെറ്റിനു മാപ്പപേക്ഷിച്ചിരുന്നു. ഇന്ത്യന്‍ പ്രവാസികാര്യവകുപ്പും പ്രശ്‌നത്തില്‍ ഇടപ്പെട്ടതോടെ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്സെടുക്കുക എന്നല്ലാതെ വേറെ വഴിയില്ലാതെയായി.

ചോദ്യം ചെയ്യുന്നതിനിടെ പോക്കറ്റിലേക്ക് കൈകള്‍ കൊണ്ടുപോയതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. സ്വയം രക്ഷാര്‍ത്ഥമാണ് പോലീസ് പ്രവര്‍ത്തിച്ചതെന്ന് കേസ്സിന്റെ ആരംഭത്തില്‍ തന്നെ പ്രതിഭാഗം വാദിച്ചിരുന്നു. രണ്ടും മൂന്നും തവണ ഈ കേസ്സു മാറ്റി വെയ്‌ക്കേണ്ടിവന്നു. ഒടുവില്‍ ഇന്നലെ കോടതി കേസ് ഡിസ്മിസ് ചെയ്തതായി വിധി പ്രഖ്യാപിച്ചു.

പട്ടേലിന്റെ കുടുംബാംഗങ്ങള്‍ പ്രതിക്കെതിരെ നഷ്ടപരിഹാരത്തിന് സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസ്സിലെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പട്ടേലിന്റെ മകനും കുടുംബാംഗങ്ങളും.