ന്യൂഡല്‍ഹി: ഹരിയാനയില്‍ ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന സംവരണപ്രക്ഷോഭം അക്രമാസക്തമായി. റോത്തക്കില്‍ സമരക്കാരെ നേരിട്ട പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് പ്രക്ഷോഭകര്‍ ആക്രമിച്ചു. പൊലീസിന്‍േറതടക്കം നിരവധി വാഹനങ്ങളും ഒരു മാളും തീവെക്കുകയും തകര്‍ക്കുകയും ചെയ്തു. റോത്തക്, ഭിവാനി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ക്രമസമാധാനപാലനത്തിന് കൂടുതല്‍ കേന്ദ്രസേനക്കുപുറമെ സൈന്യത്തെയും വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി എന്നിവര്‍ സ്ഥിതി വിലയിരുത്തി.
ഏതാനുംദിവസമായി ജാട്ട് പ്രക്ഷോഭത്തില്‍ പുകയുകയാണ് ഹരിയാന. ഉദ്യോഗത്തിലും വിദ്യാലയപ്രവേശത്തിലും സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണ ക്വോട്ട ഉയര്‍ത്തി നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം. സമരക്കാര്‍ ദേശീയപാതയും റെയില്‍പാതയും ഉപരോധിക്കുന്നതിനാല്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഹരിയാനയിലൂടെ കടന്നുപോകുന്ന 124 യാത്രാ ട്രെയ്‌നുകളുടെയും 500ഓളം ചരക്ക് ട്രെയ്‌നുകളുടെയും സര്‍വിസിനെ സമരം ബാധിച്ചു. 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.
മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുമായി നടത്തിയ ചര്‍ച്ച അലസിയതിനെ തുടര്‍ന്നാണ് പ്രക്ഷോഭം അക്രമാസക്തമായത്. ഡല്‍ഹിഹിസാര്‍ ദേശീയപാതയിലെ റോത്തക്ക് ബൈപാസില്‍ തടിച്ചുകൂടിയ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് ബലംപ്രയോഗിച്ചതോടെ സമരക്കാര്‍ അക്രമാസക്തരായി. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. 15 കാറും മൂന്ന് ബസും പൊലീസ് വാഹനങ്ങളും തകര്‍ത്തു. ഐ.ജി ഓഫിസും സമരക്കാര്‍ ആക്രമിച്ചു. ഗുഡ്ഗാവ്, സിര്‍സ, ഹിസാര്‍, കര്‍ണാല്‍ ജില്ലകളില്‍ അക്രമമുണ്ടായി. മൊബൈല്‍ ഫോണ്‍ എസ്.എം.എസ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. വിദ്യാലയങ്ങള്‍ അടച്ചിരിക്കുകയാണ്.