08:59 am 16/9/2016
– മാത്യു തട്ടാമറ്റം
ചിക്കാഗോ : ഏഴാം കടലിനക്കരെ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഓണാഘോഷം ഇക്കുറി മാതൃകയാകുന്നു. പ്രവാസി മലയാളി ഒന്നാകെ ഓണക്കളികളും കലാപരിപാടികളും കഴിഞ്ഞ് ഓണസദ്യയുണ്ട് ഓണം ആഘോഷിക്കുമ്പോള്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് നേതൃത്വം വേറിട്ട ചിന്തയുമായി കേരളത്തിലെ ഒരു അഗതിമന്ദിരത്തില്‍ ഓണസദ്യ ഒരുക്കുന്നു.
അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശീയ വടംവലി മത്സരവും, ഓണാഘോഷവും അമേരിക്കന്‍ മലയാളി മനസ്സില്‍ മാത്രമല്ല ലോകം മുഴുവനുമുള്ള പ്രവാസി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയെടുത്തുകഴിഞ്ഞ ഈ അവസരത്തില്‍ സോഷ്യല്‍ ക്ലബ്ബ് 2000 ഓളം പേര്‍ക്ക് ചിക്കാഗോയില്‍ ഓണസദ്യ വിളമ്പിയപ്പോള്‍ അന്നേദിവസം ഇടുക്കി ജില്ലയിലെ ഒരു കൊച്ചു ഗ്രാമമായ പടമുഖത്ത് പ്രവര്‍ത്തിക്കുന്ന “”സ്നേഹമന്ദിര” ത്തിലെ അന്തേവാസികള്‍ക്കും ഓണസദ്യ വിളമ്പാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. ചിക്കാഗോയിലെ മലയാളികള്‍ക്കായി ഒരുക്കിയ അതേ വിഭവങ്ങള്‍ സ്നേഹമന്ദിരത്തിലെ അന്തേവാസികള്‍ക്കും നല്കി സോഷ്യല്‍ ക്ലബ്ബ് മാതൃകയായി.
ഒരു നേരത്തെ ഓണസദ്യയ്ക്കു പകരം ഒരു ദിവസത്തെ മുഴുവന്‍ ഭക്ഷണവും അവര്‍ അഗതികള്‍ക്കായി വിളമ്പി. കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളികള്‍, അയല്‍വീട്ടിലെ ദാരിദ്ര്യം അറിയാതിരിക്കുമ്പോള്‍ സോഷ്യല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം എന്നെന്നും ഓര്‍ത്തിരിക്കാനും അനുകരിക്കാനും സാധിക്കണമെന്ന് സോഷ്യല്‍ ക്ലബ്ബ് പ്രത്യാശിക്കുന്നു.
വരും വര്‍ഷങ്ങളിലും ഇതുപോലുള്ള പ്രവര്‍ത്തനങ്ങളുമായി സോഷ്യല്‍ ക്ലബ്ബ് മലയാള മനസ്സില്‍ നന്മയുടെ അടയാളങ്ങള്‍ വരച്ചുചേര്ക്കുമെന്ന് സോഷ്യല്‍ ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.