അജിതയുടെ മൃതദേഹം വെസ്റ്റ്ഹില്ലിലെ കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.

02:55 pm 17/12/2016
unnamed (1)

കോഴിക്കോട്: നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് അജിതയുടെ മൃതദേഹം വെസ്റ്റ്ഹില്ലിലെ കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. കോടതിവിധിയുടെ പശ്​ചാത്തലത്തിൽ ശക്​തമായ പൊലീസ്​ നിയന്ത്രണത്തിലായിരുന്നു സംസ്​കാരം.

മനുഷ്യാവകാശ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ്​ ചടങ്ങുകൾ നടന്നത്​. എന്നാൽ രാവിലെ അജിതയുടെ മൃതദേഹം സുഹൃത്തിനും മനുഷ്യാവകാശ പ്രവർത്തകർക്കും വിട്ടു നൽകാൻ പൊലീസ്​ തയാറായില്ല.

പൊതുദര്‍ശനത്തിനു വെക്കരുതെന്നും മുദ്രാവാക്യം വിളി അരുതെന്നും പൊലീസിന്‍െറ നിരീക്ഷണത്തില്‍ സംസ്കാരം നടത്തണമെന്നുമുള്ള നിബന്ധന ഹൈകോടതി മുന്നോട്ടു വെച്ചിരുന്നു.

നവംബര്‍ 24ന് നിലമ്പൂരില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ അജിതയോടൊപ്പം കൊല്ലപ്പെട്ട കുപ്പു ദേവരാജിന്‍െറ മൃതദേഹം ഡിസംബര്‍ ഒമ്പതിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ ബന്ധുക്കളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ സംസ്കരിച്ചിരുന്നു.