അഞ്ചേരി ബേബിയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ എം.എം. മണി ശനിയാഴ്ച കോടതി ഹാജരാകും

08:15 am 26/11/2016
images (6)

മുട്ടം (ഇടുക്കി): യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ വൈദ്യുതി മന്ത്രി എം.എം. മണി ശനിയാഴ്ച തൊടുപുഴ മുട്ടത്തെ സ്പെഷല്‍ കോടതി മുമ്പാകെ ഹാജരാകും. തുടര്‍ച്ചയായി കഴിഞ്ഞ രണ്ടുതവണ ഹാജരാകാതിരുന്നതിന് കോടതി മണിയെ താക്കീത് ചെയ്തിരുന്നു. ശനിയാഴ്ചയും ഹാജരായില്ളെങ്കില്‍ വാറന്‍റ് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്.

സെഷന്‍സ് കോടതി ജഡ്ജ് വി.ജി. ശ്രീദേവിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. എം.എം. മണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് നിലനില്‍ക്കുമെന്ന വാദമാണ് കഴിഞ്ഞ മൂന്നുതവണയും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി ഉന്നയിച്ചത്.

സ്പെഷല്‍ പ്രോസിക്യൂട്ടറുടെ വാദം ശനിയാഴ്ച പൂര്‍ത്തിയാകും. എന്നാല്‍, ഇതേ കേസില്‍ പ്രതികളായിരുന്ന ഒമ്പതുപേരെയും വെറുതെവിട്ടതിനാല്‍ കേസ് നിലനില്‍ക്കില്ളെന്നാണ് പ്രതിഭാഗം വാദം. പാമ്പുപാറ കുട്ടന്‍, എം.എം. മണി, ഒ.ജി. മദനന്‍ എന്നിവരാണ് ഒന്ന് മുതല്‍ മൂന്നുവരെ പ്രതികള്‍.

1982 ഒക്ടോബര്‍ 14ന് രാജാക്കാട് ഏരിയ കമ്മിറ്റി ഓഫിസില്‍ നടന്ന ഗൂഢാലോചനയില്‍ അന്നത്തെ സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറിയും ഇപ്പോഴത്തെ ജില്ല സെക്രട്ടറിയുമായ കെ.കെ. ജയചന്ദ്രന്‍, അന്നത്തെ സി.ഐ.ടി.യു ജില്ല സെക്രട്ടറി എ.കെ. ദാമോദരന്‍, സേനാപതി ലോക്കല്‍ സെക്രട്ടറി ആയിരുന്ന വി.എം. ജോസഫ് എന്നിവര്‍ക്കും പങ്കുണ്ടെന്നും ഇവരെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.